തൃശൂർ: തൃശ്ശൂർ മുതൽ കാസർകോഡ് വരെ ബാലഗോകുലം ഉത്തരകേരളം ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിൽ 3000 ശോഭായാത്രകൾ സംഘടിപ്പിക്കും. പുണ്യമീ മണ്ണ് പവിത്രമീ ജൻമം എന്ന സന്ദേശം സമൂഹത്തിനു നൽകിയാണ് ബാലഗോകുലം ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ബാലദിനം ആഘോഷിക്കുന്നത്. കേരളത്തിലെ പ്രമുഖരായ കലാ സാഹിത്യ സാംസ്‌കാരിക നായകരും ബാലപ്രതിഭകളും ശോഭായാത്രകൾ ഉദ്ഘാടനം ചെയ്യും.
ആഘോഷത്തിന് മുന്നോടിയായി 10000 കേന്ദ്രങ്ങളിൽ നാളെ കാവി പതാകകൾ ഉയർത്തും. തുടർന്ന് സാംസ്‌കാരിക സമ്മേളനം, ഗോപൂജ, കുട്ടികൾ നടത്തുന്ന സെമിനാറുകൾ, കളിമുറ്റം, ഭജന സന്ധ്യ, കണ്ണനൂട്ട്, എന്നിവ നടക്കും. 22-ാം തിയതി പൊതു സ്ഥലങ്ങളിലും വീടുകളിലും വൃക്ഷത്തൈകൾ നടും. 26ന് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കുള്ള അനുശോചനം, പുനരധിവാസ പ്രവർത്തനത്തിലേക്ക് പൊതു സമൂഹത്തിൽ നിന്നും സ്‌നേഹനിധി സമർപ്പണം നടത്തി സേവാഭാരതിക്ക് കൈമാറും.
വയനാട്ടിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലും നിലമ്പൂർ താലൂക്കിലും പേരാമ്പ്ര വിലങ്ങാടും നാമജപം നടത്തും. ഈ മാസം 4-ാം തീയതി കേരളത്തിലെ മുഴുവൻ ബാലഗോകുലങ്ങളിലും വയനാട് പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കുള്ള ആദരാഞ്ജലിയും പുനരധിവാസത്തിനായുള്ള പ്രവർത്തനത്തിലേക്ക് സ്‌നേഹനിധി സമർപ്പണവും നടന്നിരുന്നു. വാർത്താ സമ്മേളനത്തിൽ എൻ ഹരീന്ദ്രൻ മാസ്റ്റർ, സംസ്ഥാന കാര്യാലയ പ്രമുഖ് പ്രമോദ് പി.ആർ, തൃശ്ശിവപേരൂർ ജില്ലാ കാര്യദർശി ഷമ്മി പനയ്‌ക്കൽ, ബാലഗോകുലം മഹാനഗർ അദ്ധ്യക്ഷൻ വി.എൻ ഹരി എന്നിവർ പങ്കെടുത്തു.
Discussion about this post