കൊച്ചി: സമുദ്ര തീര സുരക്ഷയില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗരൂകരാകണമെന്ന് സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജക് മുരളീധര്‍ ബിന്‍ദ. വിശാലമായ സമുദ്രാതിര്‍ത്തിയുള്ള ഭാരതത്തിന്റെ തീരസുരക്ഷയില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളോടൊപ്പം പരമ്പരാഗത മത്സ്യ പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാന കാര്യകര്‍ത്താക്കളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്ര സുരക്ഷ ഓരോ പൗരന്റെയും കടമയാണ്. അത് നിറവേറ്റണം. ‘ശുചിത്വ സമുദ്രം സുരക്ഷിത തീരം’ എന്ന മുദ്രാവാക്യമുയര്‍ത്തി സപ്തംബര്‍ 21 ന് അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ യജ്ഞത്തില്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം മത്സ്യ പ്രവര്‍ത്തകരും പങ്കുചേരണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി. പീതാംബരന്‍ അദ്ധ്യക്ഷത വഹിച്ചു. സീമാ ജാഗരണ്‍ മഞ്ച് സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉദയ ഘോഷ് ആമുഖ ഭാഷണം നടത്തി.
Discussion about this post