കൊച്ചി: ചന്ദ്രനിൽ ഇന്ത്യ കാലുകുത്തിയതിന്റെ ഒന്നാം വാർഷികം എത്തുമ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യൻ മുന്നേറുകയാണെന്ന് ഐ എസ് ആർ ഒ ചെയർമാൻ ഡോ. സോമനാഥ് പറഞ്ഞു. കൊച്ചിയിൽ കേരള കാർട്ടൂൺ അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള കാരിട്ടൂൺ ദേശീയ കാർട്ടൂൺ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് വിജയകരമായ നേതൃത്വം നൽകുന്ന സോമനാഥ് ബഹിരാകാശത്തെ കുറിച്ചുള്ള ഒരു കാർട്ടൂൺ വരച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
കേരള ലളിതകലാ അക്കാദമി ചാവറ കൾച്ചറൽ സെൻറർ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് പരിപാടി ഈ മാസം 25 വരെ നടക്കുന്നത്.
“ഇന്ത്യയുടെ ചാന്ദ്ര വിജയത്തിെൻറ ഒന്നാം വാർഷികം ഈ മാസം 23 ഡൽഹിയിൽ ആഘോഷിക്കുകയാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇത്തരം ശാസ്ത്ര കാര്യങ്ങൾ നാം കൂടുതൽ പ്രചരിപ്പിക്കുന്നുണ്ട്.”അദ്ദേഹം പറഞ്ഞു.
സോമനാഥ് ക്യുറേറ്റ് ചെയ്ത ബഹിരാകാശ കാർട്ടൂണുകളുടെ വിഭാഗവും എറണാകുളം ദർബാർ ഹാൾ ഗാലറിയിലെ കാർട്ടൂൺ പ്രദർശനത്തിലുണ്ട്.”മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ ഒരു വലിയ ശേഖരം അച്ഛന് ഉണ്ടായിരുന്നു.അതിലെ അരവിന്ദൻറെ കാർട്ടൂൺ പംക്തി വായിച്ച് കാർട്ടൂൺനോട് താല്പര്യം വന്നു.സ്കൂളിൽ വച്ച് കാർട്ടൂണിന് ഒന്നാം സ്ഥാനം കിട്ടി.അന്ന് കാർട്ടൂണിസ്റ്റ് സോമനാഥൻ ആയിരുന്നു എനിക്ക് സമ്മാനം തന്നത്.ഐഎസ്ആർഒയിൽ എൻജിനീയർ ആയിരിക്കുമ്പോൾ കാർട്ടൂണിസ്റ്റ് ആകാൻ കാർട്ടൂൺ അക്കാദമിയുടെ സുകുമാർ സാറിൻറെ ക്ലാസുകളിൽ പങ്കെടുത്ത കാര്യം സോമനാഥ് ഓർത്തെടുത്തു.
കാൻസർ കണ്ട ദിനം
ഉദ്ഘാടനശേഷം സദസുമായി ഉണ്ടായ സംഭാഷണത്തിൽ സോമനാഥ് അവിചാരിതമായി കടന്നുവന്ന അർബുദത്തെക്കുറിച്ച് ഓർത്തെടുത്തത്.” ആദിത്യ എൽ വണ്ണിൻറെ വിക്ഷേപണ ദിനത്തിലാണ് എനിക്ക് കാൻസർ കണ്ടെത്തിയത്. പക്ഷേ ഞാൻ അതിനെ ഭയങ്കരമായിട്ട് കണ്ടില്ല 60 വയസിൽ വന്ന രോഗെത്തെ നിസ്സാരമായിയാണ് കൈകാര്യം ചെയ്തത്. അഞ്ചുദിവസം ഓപ്പറേഷന് ലീവ് എടുത്തു പ്രശ്നമുണ്ടായിട്ടില്ല. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻററിൽ പോയാൽ നമ്മൾ എത്ര അനുഗ്രഹീതരാണ് എന്ന് ബോധവാന്മാരാകും. കാരണം എത്ര ചെറിയ കുട്ടികളും ചെറുപ്പക്കാരുമാണ് അവിടെ രോഗബാധിതരായി ചികിത്സയിൽ ഉള്ളത്. നമുക്ക് ഇത്രയും ജീവിതം കിട്ടിയതു തന്നെ ബോണസ് എന്നാണ് എൻറെ ചിന്ത” അദ്ദേഹം പറഞ്ഞു.
സോമനാഥന് കേരള കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം ചടങ്ങിൽ അധ്യക്ഷനായിരുന്ന മുരളി ചീരോത്ത് സമ്മാനിച്ചു.. കാരിട്ടൂൺ ഡയറക്ടർ രതീഷ് രവി, സ്വിറ്റ്സർലാൻഡ് എംബസി ഡപ്യൂട്ടി കോൺസൽ ജനറൽ പാട്രിക് മുള്ളർ എന്നിവർ സംസാരിച്ചു.സിനിമാ അവാർഡ് ജേതാക്കളായ ജോഷി ബനഡിക്ട്, സുമംഗല ,സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവ് ബി. സജീവ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ് സ്വാഗതവും സെക്രട്ടറി എ. സതീഷ് നന്ദിയും പറഞ്ഞു. കേരളത്തിൽ ഹരിഗോവിന്ദൻ, ബാലുശ്ശേരി കൃഷ്ണദാസ് എന്നിവരെ അവതരിപ്പിച്ച സോപാനസംഗീതത്തോട് കൂടിയായിരുന്നു പരിപാടികളുടെ തുടക്കം.
22, 23തീയതികളിൽ വയനാടിന് കൈത്താങ്ങ് ഒരുക്കാൻ കാരിക്കേച്ചർ ചലഞ്ച് ഹൈക്കോടതി പരിസരത്ത് നടക്കും. 22 ന് വൈകിട്ട് 4 30ന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് പരിപാടി ഉദ്ഘാടനം ചെയ്യും. 24 25 തീയതികളിൽ ചാവറ കൾച്ചറൽ സെൻററിൽ കുട്ടികളുടെ കാർട്ടൂൺ കളരി നടക്കും. 22 ന് രാവിലെ ഒൻപതിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും.
നാളെത്തെ പരിപാടി (22/08/2024)
ദർബാർ ഹാൾ ആർ ഗാലറി : കേരള കാർട്ടൂൺ അക്കാദമിയുടെ ക്യാരിട്ടൂൺ കാർട്ടൂൺ പ്രദർശനം 11.00ഹൈക്കോടതി പരിസരം : കാരിട്ടൂണിൻ്റെ ഭാഗമായി വയനാടിന് കൈത്താങ്ങ് ഒരുക്കാൻ കാരിക്കേച്ചർ ചലഞ്ച് ഉദ്ഘാടനം : ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് 4.30
Discussion about this post