കൊച്ചി: സപ്തംബര്‍ 7 മുതല്‍ 11 വരെ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാനത്തുടനീളം വിവിധ പരിപാടികളോടെ ഗണേശോത്സവം സംഘടിപ്പിക്കും. ആയിരം പൊതുഇടങ്ങളിലും 10 ലക്ഷം ഭവനങ്ങളിലും ഗണേശ വിഗ്രഹ പ്രതിഷ്ഠ നടത്തും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതിവിപുലമായ ആഘോഷം ഉണ്ടാവില്ലെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, സംസ്ഥാന ട്രഷറര്‍ വി. ശ്രീകുമാര്‍, ഗണേശോത്സവ പരിഷത്ത് ജനറല്‍ കണ്‍വീനര്‍ പ്രശാന്ത് വര്‍മ്മ എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളം ജില്ലയില്‍ 100 സ്ഥലങ്ങളില്‍ ഗണേശ വിഗ്രഹ പ്രതിഷ്ഠ നടത്തി ഗണപതി ഹോമം, സത്സംഗം, ഭജന, മഹാആരതി, ആധ്യാത്മിക സമ്മേളനങ്ങള്‍ എന്നിവ നടത്തും. തൃപ്പൂണിത്തുറ, മരട്, പള്ളുരുത്തി, കൊച്ചി, വൈപ്പിന്‍, എറണാകുളം, ഇടപ്പള്ളി, തൃക്കാക്കര, എന്നീ നഗരങ്ങളില്‍ നിന്ന് പൂജ നടത്തിയ ഗണേശ വിഗ്രഹങ്ങള്‍ ചെറുയാത്രകള്‍ ആയി 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എത്തിച്ചേരും.
തുടര്‍ന്ന് ബൈക്കുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പുതുവൈപ്പ് അയോധ്യപുരം ശ്രീരാമക്ഷേത്രത്തില്‍ എത്തുന്ന ഗണേശ വിഗ്രഹങ്ങള്‍ പൂജാവിധികളോടെ പുതുവൈപ്പ് ബീച്ചിലെ ആറാട്ടുകടവില്‍ നിമജ്ജനം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ചോറ്റാനിക്കരയില്‍ നിന്നുള്ള ഘോഷയാത്ര പിറവം പാഴൂരില്‍ നിമജ്ജനം ചെയ്യും. ഗണേശോത്സവത്തിന്റെ ഭാഗമായി സപ്തംബര്‍ ഒന്നിന് പാവക്കുളം ക്ഷേത്രത്തില്‍ കുട്ടികള്‍ക്ക് ചിത്രരചന മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ഗണേശ വിഗ്രഹത്തില്‍ ഭക്തര്‍ക്ക് നേരിട്ട് ആരതി ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. 4 മുതല്‍ 8 അടി വരെ ഉയരമുള്ള വിഗ്രഹങ്ങളാണ് ഇതിനായി ഒരുക്കുന്നത്.
വിനായക ചതുര്‍ത്ഥി ദിനത്തില്‍ ഗണേഷ വിഗ്രഹം സ്ഥാപിച്ച ശേഷം 3, 5, 7 ദിവസങ്ങള്‍ക്ക് ശേഷം നിമജ്ജനം ചെയ്യുന്ന തരത്തില്‍ സംസ്ഥാനത്തെ എല്ലാ വിനായക ചതുര്‍ത്ഥി ആഘോഷ പരിപാടികളും നടത്തണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Discussion about this post