കരുനാഗപ്പള്ളി : സംഘം ഹൃദയപരിവർത്തനം കൊണ്ടുവരുന്ന വിദ്യാലയമാണെന്ന് ആർ എസ് എസ് ദക്ഷിണ ക്ഷേത്ര സംഘചാലക് ഡോ. വന്നിയരാജൻ. രാജ്യത്ത് നിരവധി ആർട്സ് കോളജുകളുണ്ട്, എന്നാൽ ഹാർട്ട് കോളജ് ഉണ്ടാകണം എന്ന് ഡോക്ടർജി പറഞ്ഞു. സംഘത്തിൻ്റെ ത് അത്തരത്തിലുള്ള പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് കൊല്ലം ഗ്രാമ ജില്ലാ കാര്യാലയം രാഷ്ട്ര ചേതനയുടെ സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ കാര്യാലയമെന്ന് പറയുമെങ്കിലും ഇത് സമാജത്തിൻ്റെ കാര്യാലയമാണെന്ന് ഡോ. വന്നിയരാജൻ പറഞ്ഞു. സമാജം സംഘമായമായിത്തീരുന്ന കാലമാണിത്. സംഘത്തിന് വ്യക്തി നിർമ്മാണം എന്ന ഒരേയൊരു പ്രവർത്തനമേ ഉള്ളൂ. പ്രതിസന്ധികളെ മറികടന്ന് അനുകൂല കാലത്തിലേക്ക് മുന്നേറുന്നതിന് തപസാണ് കാരണം, നഷ്ടമായതെല്ലാം തിരികെ നേടുന്ന കാലമാണിത്. കാര്യാലയങ്ങൾ ആ വീണ്ടെടുക്കലിന് വേണ്ടിയുള്ള ആലയമാണ്. ദേശമാണ് ദേവൻ എന്ന് ധരിക്കുന്ന സമൂഹത്തിന് പ്രേരണ നല്കുന്ന കേന്ദ്രമാണ് കാര്യാലയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്ര സ്നേഹികളുടെ ആസ്ഥാനമാണ് കരുനാഗപ്പള്ളിയിൽ സമർപ്പിക്കുന്നതെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ മാതാ അമൃതാനന്ദമയീ മഠത്തിലെ വേദാമൃതാനന്ദ പുരി സ്വാമികൾ പറഞ്ഞു.
സംഘം സമാജത്തിൻ്റെതാണെന്നത് പോലെ സംഘം നിർമ്മിക്കുന്നതെന്തും സമാജത്തിൻ്റേതാണെന്ന് ചടങ്ങിൽ സംസാരിച്ച ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണൻ പറഞ്ഞു. സംഘപ്രവർത്തനത്തിൻ്റെ വളർച്ചയ്ക്ക് കാര്യാലയങ്ങൾ ആവശ്യമില്ല. എന്നാൽ ഹിന്ദു സമാജത്തിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഇത്തരം കേന്ദ്രങൾ ആവശ്യമാണ്. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും നീലകണ്ഠ തീർത്ഥപാദസ്വാമികളും വർത്തമാനകാലത്ത് മാതാ അമൃതാനന്ദമയീ ദേവിയുമൊക്കെ കർമ്മ ക്ഷേത്രമാക്കിയ കരുനാഗപ്പള്ളിയിലുയർന്ന കാര്യാലയം സാമാജിക ഏകതയുടെ വഴികാട്ടിയാകണം, രാധാകൃഷ്ണൻ പറഞ്ഞു.
ആർഎസ്എസ് കൊല്ലം ഗ്രാമജില്ലാ സംഘചാലക് ആർ. മോഹനൻ അധ്യക്ഷത വഹിച്ചു. കൊല്ലം വിഭാഗ് സംഘചാലക് ഡോ. ബി. എസ്. പ്രദീപ്കുമാർ, ദക്ഷിണ കേരള പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ് ബാബു, കാര്യാലയ നിർമ്മാണ സമിതി അധ്യക്ഷൻ ആർ. ബാഹുലേയൻ, ജില്ലാ കാര്യവാഹ് ജി. ജയറാം, സഹ കാര്യവാഹ് എ. രതീഷ് എന്നിവർ പങ്കെടുത്തു.
Discussion about this post