വടകര: വിശ്വസംവാദ കേന്ദ്രം കുറ്റ്യാടിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. എസ്.കെ പൊറ്റക്കാട് രചിച്ച ബാലിദ്വീപിന്റെ പാതിനേരും പതിരും എന്ന പുസ്തകത്തിലൂടെ എസ്.കെ പൊറ്റക്കാട് ബാലി ജനതയുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞ കാഴ്ചപ്പാടുകളെ പാടെ നിരാകരിച്ചുകൊണ്ട് കെ.പി ശശിധരൻ രചിച്ച “സഞ്ചാരി പറഞ്ഞ ഒരു കടങ്കഥ” എന്ന പുസ്തകത്തെയാണ് ചർച്ചയ്ക്ക് എടുത്തത്. പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് സി.പി കൃഷ്ണൻ മാസ്റ്റർ സംസാരിച്ചു.
കേവലം ഉപരി വിപ്ലവ കാഴ്ചകൾ കണ്ടുകൊണ്ട് മാത്രം ഒരു സമൂഹത്തിന്റെയും രാജ്യത്തിൻ്റെയും സംസ്കാരത്തെയും സാമൂഹിക ഘടനയെയും മനുഷ്യകുലത്തെയും വിലയിരുത്താൻ കഴിയില്ല എന്നതാണ് കെ.പി ശശിധരൻ ഈ രചനയിലൂടെ വ്യക്തമാക്കുന്നതെന്നും പാശ്ചാത്യ കാഴ്ചപ്പാടോടുകൂടി രചിക്കപ്പെട്ട മറ്റൊരു വൈദേശിക രചനയെ പിൻപറ്റിയാണ് എസ് കെ പൊറ്റക്കാട് രചന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പല സന്ദർഭങ്ങളിലും പച്ചയായ പദാനുപദ മൊഴിമാറ്റം ദൃശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ചർച്ചയിൽ പങ്കെടുത്ത സി കെ കരുണൻ മാസ്റ്റർ എസ്.കെ പൊറ്റക്കാടും കെ.പി ശശിധരനും രണ്ടു കാലഘട്ടത്തിൻറെ രണ്ടു മുഖങ്ങളാണെന്നും പൊറ്റക്കാടിനെയും കെ.പി ശശിധരന്റെയും രചനകൾ തമ്മിലുള്ള വ്യത്യാസം കാലങ്ങൾ തമ്മിലുള്ള അന്തരമാണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് സംസാരിച്ച കെപി മുകുന്ദൻ മാസ്റ്റർ കെ.പി ശശിധരൻ ദ്വീപിനെ കുറിച്ച് ഒരു ഗവേഷണ ഗ്രന്ഥമാണ് രചിച്ചത് എന്നു പറഞ്ഞു.
യുകെ അർജുനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജു വളയന്നൂർ കെ പി രജീഷ് തളിക്കര തുടങ്ങിയവർ സംസാരിച്ചു.
Discussion about this post