കോഴിക്കോട്: കേസരിഭവനില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ 13 വരെയുള്ള നവരാത്രി സര്‍ഗോത്സവം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.
മൂന്നിന് രാവിലെ 11നാണ് ഉദ്ഘാടനം. സാംസ്‌കാരിക സദസ്, സര്‍ഗസംവാദം, സംഗീതാര്‍ച്ചന, നൃത്താര്‍ച്ചന, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ഭജന തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. ശ്രീകുമാരന്‍ തമ്പി, കാലടി ശ്രീശങ്കര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതകുമാരി, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ. ലക്ഷി ശങ്കര്‍, ആര്‍. പ്രസന്നകുമാര്‍, സ്വാമി ചിദാനന്ദപുരി, ഡോ. ആര്‍. രാമനാഥ്, എന്‍. നന്ദകിഷോര്‍, ഡോ. പ്രമീളാദേവി, കെ.പി. ശശികലടീച്ചര്‍, കെ.പി. സുധീര, ഡോ. വി. സുജാത തുടങ്ങിയവര്‍ പങ്കെടുക്കും.
രചന നാരായണന്‍കുട്ടി, വൈക്കം വിജയലക്ഷ്മി, അശ്വതി ശ്രീകാന്ത്, ഡോ. എടനാട് രാജന്‍ നമ്പ്യാര്‍, പ്രണവം ശങ്കരന്‍ നമ്പൂതി തുടങ്ങിയ പ്രമുഖര്‍ കലാപരിപാടികള്‍ അവതരിപ്പിക്കുമെന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു പറഞ്ഞു. പത്ത് ദിവസത്തെ യോഗ-സാധനാ ശിബിരങ്ങളുമുണ്ടാകും. 13ന് രാവിലെ 7.30 മുതല്‍ ആചാരവിധി പ്രകാരമുള്ള വിദ്യാരംഭവും നൃത്ത-ചിത്രകലാ വിദ്യാരംഭവും നടക്കും. ഒന്നിന് വൈകിട്ട് അഞ്ചരയ്‌ക്കു സരസ്വതീമണ്ഡപത്തില്‍ നടക്കുന്ന സാരസ്വതാര്‍ച്ചന, അലങ്കാരപൂജ, ആരതി എന്നിവയോടെ പരിപാടികള്‍ക്കു തുടക്കമാകും. മൂകാംബിക ക്ഷേത്രം മുഖ്യ അര്‍ച്ചകന്‍ സുബ്രഹ്മണ്യ അഡിഗകളുടെ നേത്യത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.
കല, സാഹിത്യം, സംസ്‌കാരം എന്നീ മേഖലകളിലെ സമഗ്ര സംഭാവനയ്‌ക്കുള്ള അംഗീകാരമായി നല്കുന്ന നവരാത്രി സര്‍ഗപ്രതിഭാ പുരസ്‌കാരം പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിക്ക്. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ട അവാര്‍ഡ് ഒക്ടോ. 12ന് വൈകിട്ട് സംസ്‌കാരിക സമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ചേര്‍ന്നു സമ്മാനിക്കും.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി, യു.കെ. കുമാരന്‍, കാവാലം ശശികുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
വാര്‍ത്താസമ്മേളനത്തില്‍ ടി.വി. ഉണ്ണിക്കൃഷ്ണന്‍, ഡോ.എ.കെ. അനില്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.
Discussion about this post