കോട്ടയം: ഭിന്നശേഷിക്കാരെ സമദൃഷ്ടിയോടെ ചേര്‍ത്ത് നിര്‍ത്തി സ്വയംപര്യപ്തരാക്കുകയാണ് സക്ഷമയുടെ ലക്ഷ്യമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഉമേഷ് അന്ദേര. സക്ഷമ കേരളയുടെ സംസ്ഥാന വാര്‍ഷിക പൊതുയോഗം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദിവ്യാംഗരുടെ സമഗ്രവികസനം ലക്ഷ്യമാക്കി വിദ്യാഭ്യാസം, ആരോഗ്യം, സ്വാവലംബന്‍, സാമൂഹികമായ ഉള്‍ച്ചേരല്‍ എന്നീ നാല് ഘടകങ്ങളില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമാണ് സക്ഷമ ചിട്ടപ്പെടുത്തിയത്, അദ്ദേഹം പറഞ്ഞു. 2023-24 വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനറിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി ടി.എം കൃഷ്ണകുമാര്‍ അവതരിപ്പിച്ചു.
വയനാട് ചൂരല്‍മലയില്‍ പ്രകൃതിക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും മരണമടഞ്ഞ പ്രമുഖവ്യക്തികള്‍ക്കും യോഗം അനുശോചനം അര്‍പ്പിച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എസ് പ്രദീപ് പ്രമേയം അവതരിപ്പിച്ചു.
ആഗസ്ത് 25 മുതല്‍ സപ്തംബര്‍ 8 വരെ നടന്ന നേത്രദാനപാക്ഷികാചരണ വേളയില്‍ ‘പകരുന്ന കാഴ്ച പടരുന്ന നന്മ’ എന്ന സന്ദേശം മുന്‍നിര്‍ത്തി ‘നേത്രദാനം മഹാദാനം’ എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാത്ഥികള്‍ക്കായി നടത്തിയ കവിത രചന മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും കീര്‍ത്തിഫലകവും വിതരണം ചെയ്തു. തുടര്‍ന്ന് സക്ഷമ കോട്ടയം ജില്ല തയ്യാറാക്കിയ ഭിന്നശേഷി പ്രവര്‍ത്തനങ്ങളുടെ വാര്‍ത്താപത്രിക ‘സമദൃഷ്ടി’ പ്രകാശനം ചെയ്തു.
കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ അധ്യാപിക സിസ്റ്റര്‍ സിമി, സക്ഷമ ദേശീയ ഉപാധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണന്‍, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. ബാലചന്ദ്രന്‍ മന്നത്ത്, ആര്‍എസ്എസ് ദക്ഷിണകേരള സേവാപ്രമുഖ് ജി.വി ഗിരീഷ് എന്നിവര്‍ ആശംസാപ്രഭാഷണം നടത്തി. സക്ഷമ സംസ്ഥാ അധ്യക്ഷന്‍ പ്രൊഫ. എന്‍.ആര്‍ മേനോന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. കോട്ടയം ജില്ലാസെക്രട്ടറിയും സംസ്ഥാന സമിതി അംഗവും സ്വാഗതസംഘം കാര്യദര്‍ശിയുമായ എന്‍. ശ്രീജിത്ത് കൃതജ്ഞത രേഖപ്പെടുത്തി.
Discussion about this post