അഗളി: അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ നല്ലശിങ്ക വനവാസി ഊരിലെ കുടിവെള്ള – കാര്‍ഷിക ജലസേചന പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഊരില്‍ വിശ്വസേവാഭാരതിയുടെ നേതൃത്വത്തിലാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. ഇരുള വിഭാഗത്തില്‍പ്പെട്ട നൂറോളം കുടുംബങ്ങളാണ് നല്ലശിങ്ക ഊരിലുള്ളത്. മഴക്കുറവും ജലസേചന പദ്ധതികള്‍ ഇല്ലാത്തതും മൂലം കടുത്ത കുടിവെള്ള ക്ഷാമമാണ് ഇവര്‍ നേരിടുന്നത്. മഴ ലഭിക്കാത്തത് മൂലം തനത് കൃഷിരീതികള്‍ ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങളായി.
കുടിവെള്ളം ലഭ്യമാക്കുന്നതോടൊപ്പം നല്ലശിങ്ക ഊരിലെ വനവാസികളുടെ കൈവശമുള്ള 43 ഏക്കര്‍ സഥലത്തില്‍ 30 ഏക്കര്‍ കൃഷിയോഗ്യമായ സ്ഥലത്ത് ഔഷധസസ്യകൃഷിയും ആരംഭിക്കുന്നുണ്ട്. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനും നബാര്‍ഡും ചേര്‍ന്ന് നടപ്പിലാക്കുന്ന ഔഷധസസ്യ കൃഷിയുടെ ഭാഗമായാണ് 10 ലക്ഷം രൂപ ചെലവില്‍ വിശ്വസേവാഭാരതിയുടെ നേതൃത്വത്തില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്.
കുഴല്‍ക്കിണര്‍ കുഴിച്ച് അതില്‍ നിന്നുള്ള വെള്ളം 20,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കില്‍ സംഭരിച്ച ശേഷം പൈപ്പ് വഴി വീടുകളിലേക്കും, കൃഷിയിടത്തേക്കും എത്തിക്കുന്നതാണ് പദ്ധതി. ഔഷധസസ്യ കൃഷി ചെയ്ത് ഊരിലെ വനവാസികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുയെന്നതാണ് ലക്ഷ്യം. ഇരുവേലി, ആടലോടകം, കരിങ്കുറുഞ്ഞി, കുരുമുളക്, മഞ്ഞള്‍, ശതാവരി, കൊടുവേലി മുതലായ ഔഷധസസ്യങ്ങളാണ് കൃഷിചെയ്യുന്നത്. നിലവില്‍ 20ളം കുടുംബങ്ങള്‍ക്കാണ് പദ്ധതി വഴി വെള്ളം ലഭിക്കുക. അടുത്തഘട്ടത്തില്‍ രണ്ട് കിണറുകള്‍ നിര്‍മിക്കുന്നതോടൊപ്പം കൂടുതല്‍ തരിശുഭൂമിയില്‍ കൃഷിയിറക്കാനും പദ്ധതിയിടുന്നുണ്ട്.
നല്ലശിങ്ക കുടിവെള്ള-കാര്‍ഷിക ജലസേചന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ഉത്തരകേരള പ്രാന്തസേവാപ്രമുഖ് എം.സി. വത്സന്‍ നിര്‍വ്വഹിക്കും. വിശ്വസേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. രാജന്‍, വാര്‍ഡ് മെമ്പര്‍ രാധ തുടങ്ങിയവര്‍ പങ്കെടുക്കും.
Discussion about this post