കൊട്ടാരക്കര: ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തന്മാരുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തുവാനുള്ള നീക്കത്തിൽ നിന്ന് സർക്കാരും ദേവസ്വം ബോർഡും പിന്മാറണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി സി. ബാബു ആവശ്യപ്പെട്ടു. കൊട്ടാരക്ക സദാനന്ദത്തിൽ നടന്ന ഹിന്ദു ഐക്യവേദി ദക്ഷിണ മേഖലാ ഭാരവാഹിയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ഓൺലൈൻ രജിസ്ട്രേഷൻ 80,000 മായി നിജപ്പെടുത്തുന്നതും സ്പോട്ട് ബുക്കിംഗ് ഇല്ലാതാക്കുന്നതും അയ്യപ്പഭക്തരുടെ താൽപര്യത്തിന് വിരുദ്ധമാണ്. ശബരിമലയിൽ എത്തുന്ന മുഴുവൻ ഭക്തർക്കും ദർശനസൗകര്യം ഏർപ്പെടുത്തുന്നതിൽ ബോർഡ് പരാജയപ്പെട്ടിരിക്കുന്നു. ഇത് ഭക്തരോടുള്ള വെല്ലുവിളിയാണ്. അധികമായി എത്തുന്ന ഭക്തർക്ക് നിലയ്ക്കൽ, പമ്പ, ശരം കുത്തി, എരുമേലി ഭാഗങ്ങളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ ദേവസ്വം ബോർഡ് പരാജയപ്പെട്ടിരിക്കുകയാണ്. ദിനംപ്രതി വർധിച്ചുവരുന്ന ഭക്തജന തിരക്ക് മുൻകൂട്ടി കണ്ടു കർമ്മ പദ്ധതികൾ ആവിഷ്കരിക്കാതെ വരുമാനം മാത്രം ലക്ഷ്യമിടുന്ന ബോർഡ് ശബരിമലയെ ഒരു ബിസിനസ് കേന്ദ്രമാക്കി മാറ്റിയിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഓൺലൈൻ രജിസ്ട്രേഷൻ പത്തു രൂപ ഫീസ് ഈടാക്കുന്നതും എരുമേലിയിൽ ഭക്തർക്ക് പൊട്ടുകുത്തി പണം ഈടാക്കുന്ന ബോർഡിൻ്റെയും കച്ചവടക്കാരുടെയും നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിൽ സേവനം അനുഷ്ഠിക്കുന്ന അയ്യപ്പസേവാസമാജം അയ്യപ്പസേവാസംഘം തുടങ്ങിയ സന്നദ്ധ സംഘടനകൾക്ക് അന്നദാനം ഒരുക്കുവാനുള്ള സാഹചര്യം പുനസൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
തിരുവനന്തപും, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകൾ ചേർന്ന ദക്ഷിണ മേഖല ഭാരവാഹിയോഗത്തിൽ സ്റ്റേറ്റ് ട്രഷറർ ജ്യോതീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞ പാറ സുരേഷ്, ജോയിൻ്റ് ട്രഷറർ ശ്രേയസ്, സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂർ,സമിതി അംഗം ഗോപാല കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പുത്തൂർ തുളസി സ്വാഗതവും സംസ്ഥാന സമിതി അംഗം ജിനു നന്ദിയും രേഖപ്പെടുത്തി.
Discussion about this post