സാംബല്‍പൂര്‍(ഒഡീഷ): ആശ്രമങ്ങളും ക്ഷേത്രങ്ങളുമടക്കമുള്ള ഹൈന്ദവാരാധനാകേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷയിലെ സാംബല്‍പൂരില്‍ സംന്യാസി സമ്മേളനം.
തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ പ്രസാദം സംബന്ധിച്ച വിവാദങ്ങള്‍ ഹൃദയഭേദകമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര മാര്‍ഗദര്‍ശക മണ്ഡല്‍ അംഗം സ്വാമി ജീവന്‍മുക്താനന്ദ് മഹാരാജ് പറഞ്ഞു.
അസഹനീയമായ കാര്യമാണ് തിരുപ്പതിയിലുണ്ടായത്. ഇത് ഹിന്ദു സമൂഹത്തെയാകെ വേദനിപ്പിക്കുന്നു. പ്രസാദം തയാറാക്കുന്നതില്‍ മാത്രമല്ല, ക്ഷേത്രസ്വത്തുക്കളും വരുമാനവും കൈകാര്യം ചെയ്യുന്നതിലും ദുരുപയോഗം നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് പൂര്‍ണമായി മോചിപ്പിക്കണം. ക്ഷേത്രങ്ങള്‍ ഭക്തസമൂഹത്തിന് കൈമാറണമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഭരണഘടനയാണ് പരമോന്നതമെന്ന് പറയാറുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ വിവിധ സര്‍ക്കാരുകള്‍ ക്ഷേത്രങ്ങള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് ഡോ.രാജ്കുമാര്‍ ബദ്പാണ്ഡ പറഞ്ഞു. ഭരണഘടനയുടെ ആത്മാവിനെ ദുര്‍ബലപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. 12, 25, 26 വകുപ്പുകള്‍ പരസ്യമായി ലംഘിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് 77 വര്‍ഷം കഴിഞ്ഞിട്ടും ഹിന്ദുക്കള്‍ക്ക് സ്വന്തം ക്ഷേത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുവാദമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്മേളനത്തിന് ശേഷം സംന്യാസിമാരുടെ നേതൃസംഘം സാംബല്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിന് നിവേദനം നല്കി. ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കാതെ പവിത്രത വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഹിന്ദു സമൂഹം വിശ്വസിക്കുന്നുവെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രസ്വത്തും വരുമാനവും ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും മാത്രമല്ല, അവര്‍ക്ക് താത്പര്യമുള്ള ഹിന്ദുവിരുദ്ധരും ഉപയോഗിക്കുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് നിവേദനത്തില്‍ പറയുന്നു.
Discussion about this post