മൂവാറ്റുപുഴ: മാറാടിക്ക് സമീപത്തുള്ള ഇരിക്കാരിക്കൽ സർപ്പയോഗീശ്വര ക്ഷേത്ര സന്നിധിയിൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ പ്രമുഖ യോഗ പഠന ഗവേഷണ കേന്ദ്രമായ പതഞ്ജലി യോഗ ട്രെയ്നിങ്ങ് ആൻ്റ് റിസർച്ച് സെൻ്ററിന്റെ സംസ്ഥാന കേന്ദ്രമായ പൈതൃക് ഭവന്റെ ആഭിമുഖ്യത്തിൽ ഇദംപ്രഥമമായി നടക്കുന്ന നവരാത്രി സർഗ്ഗോത്സവ ആഘോഷങ്ങൾ ഒക്ടോബർ 10 ന് വൈകിട്ട് ആറിന് നടക്കുന്ന ദീപാരാധനയും തുടർന്ന് നടക്കുന്ന പൂജവെയ്പ്പ് ചടങ്ങോടും കൂടി സമാരംഭം കുറിക്കും. പൈതൃക് ഭവൻ അങ്കണത്തിൽ ഒക്‌ടോബര്‍ 10 മുതല്‍ 13 വരെ വിവിധ പരിപാടികളോടെയാണ് നവരാത്രി സര്‍ഗോത്സവം നടക്കുന്നത്.
സര്‍ഗോല്‍സവത്തിന്റെ ഭാഗമായി പ്രമുഖർ മൂന്നു ദിവസങ്ങളിലായി വേദിയിലെത്തും. മൂന്നു ദിവസത്തെ കലാർച്ചന യഥാക്രമം നാദയോഗ, നാട്യയോഗ എന്ന പേരിൽ അരങ്ങേറും.
ഒക്ടോബർ 10 ന് പൂജവെയ്പ്പും 13 ന് പൂജയെടുപ്പും വിദ്യാരംഭവും വിവിധ ചടങ്ങുകളോടെ വിപുലമായി നടക്കും. ആചാര്യ ശ്രേഷ്ഠന്മാരയ പ്രൊഫ. ഇ വി നാരായണന്‍, കൈതപ്രം വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവർ വിദ്യാരംഭത്തിന് നേതൃത്വം നൽകും. വിദ്യാരംഭത്തിന് ശേഷം കുഞ്ഞുങ്ങൾക്ക് പ്രസാദവും നൽകും.
ഒക്ടോബർ 11 ന് നടക്കുന്ന ആദ്യദിന പരിപാടികൾ പ്രമുഖ സംഗീത സംവിധായകന്‍ പി ഡി സൈഗാൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ അജിത് സുബ്രഹ്‌മണ്യന്‍ നയിക്കുന്ന സംഗീതാര്‍ച്ചന നടക്കും. മൂവാറ്റുപുഴയിൽ ജനിച്ച മലയാളത്തിന്റെ നവോത്ഥാന നായകമാരിലൊരാളായ ശ്രീമദ് നീലകണ്ഠ തീര്‍ത്ഥപാദ സ്വാമികളുടെ ഛായാചിത്ര അനാച്ഛാദനം കാലടി ശ്രീശങ്കരാചാര്യ സർവ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ് കുമാർ നിർവ്വഹിക്കും.
ഒക്ടോബർ 12 ന് രണ്ടാം ദിന പരിപാടികള്‍ പ്രമുഖ സിനിമാതാരം ഊര്‍മിള ഉണ്ണിയും, നര്‍ത്തകി ഉത്തര ഉണ്ണിയും സംയുക്തമായി ഉദ്ഘാടനം ചെയ്യും. ഡോ. മേഘ ജോബി നയിക്കുന്ന യോഗ ഡാന്‍സ്, ഭരതനാട്യം, അദിതി പ്രാണ്‍ രാജ് അവതരിപ്പിക്കുന്ന ഭട്ടാസ്യനൃത്തം എന്നിവയും നവരാത്രി സര്‍ഗോല്‍സവത്തിന്റെ ഭാഗമായി നടക്കും.
28 വർഷമായി പ്രവർത്തിക്കുന്നതും 3500 ൽ അധികം യോഗാധ്യാപകർ പഠിച്ചിറങ്ങിയതുമായ ബാംഗ്ളൂർ S – VYASA യോഗ യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള പൈതൃകിന്റെ സംസ്ഥാന പഠന കേന്ദ്രം ഇക്കഴിഞ്ഞ സെപ്തംബറിലാണ് മൂവാറ്റുപുഴ മാറാടിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. മൂവാറ്റുപുഴ തൈക്കാട്ട് തന്ത്രി മുഖ്യൻ മാനവ സേവാ സമിതിക്ക് നല്കിയ ഭൂമിയിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന്റേയും സഹകരണത്തോടെയാണ് യോഗ കേന്ദ്രം ഉയരുന്നത്. ഭൂമിക്കടിയിൽ ഇരുന്ന് ധ്യാനിക്കാവുന്ന ധ്യാനമണ്ഡപത്തിന്റേയും പതഞ്ജലി മഹർഷിയുടെ പ്രതിമയുടേയും നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. താമസിച്ച് പഠിക്കുവാനുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്. സമീപത്ത് കാവും സ്ഥിതി ചെയ്യുന്നു.
വിദ്യാരംഭത്തിനും കലാർച്ചനക്കും വേണ്ടി 854703317,9947993027 എന്നീ നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
Discussion about this post