പത്തനംതിട്ട: പന്തളം എന്‍എസ്എസ് കോളജില്‍ എസ്എഫ്ഐയുടെ കാമ്പസ് ഭീകരത. ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തനാവകാശം നിഷേധിക്കുന്നതും വിദ്യാര്‍ത്ഥിനികളെപ്പോലും ആക്രമിക്കുന്നതും പതിവാക്കിയിരിക്കുകയാണ് എസ്എഫ്‌ഐക്കാരെന്നാണ് ആരോപണം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി മത്സരിക്കുന്നത് തടയാനും ശ്രമമുണ്ടായി. യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ വിദ്യാര്‍ത്ഥിനികളെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ എബിവിപി പന്തളം പോലീസില്‍ പരാതി നല്കി.
അതേസമയം എസ്എഫ്ഐക്ക് അനുകൂലമായ നിലപാടാണ് പ്രിന്‍സിപ്പല്‍ ഡോ. എം.ജി. സനല്‍കുമാര്‍ സ്വീകരിക്കുന്നതെന്ന് എബിവിപി ആരോപിക്കുന്നു.
എസ്എഫ്‌ഐക്കും അവരെ പിന്തുണയ്‌ക്കുന്ന പ്രിന്‍സിപ്പലിനുമെതിരെയുള്ള എബിവിപി നിലപാട് എന്‍എസ്എസിന് എതിരാണെന്ന് വരുത്തിതീര്‍ക്കാനാണ് പ്രിന്‍സിപ്പല്‍ ശ്രമിക്കുന്നത്. ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാട് പ്രിന്‍സിപ്പല്‍ ഉപേക്ഷിക്കണമെന്ന് എബിവിപി ജില്ലാ അധ്യക്ഷന്‍ അരുണ്‍ മോഹന്‍ ആവശ്യപ്പെട്ടു.
എസ്എഫ്ഐക്കാര്‍ വിദ്യാര്‍ത്ഥിനികളെ ആക്രമിച്ച സംഭവത്തില്‍ കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാട് പ്രിന്‍സിപ്പല്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് എബിവിപി നഗര്‍ സമിതി പ്രതിഷേധ പ്രകടനം നടത്തി. വലിയ പാരമ്പര്യമുള്ള മാതൃകാ കലാലയത്തിന്റെ നാളിതുവരെയുള്ള നിഷ്പക്ഷതയ്‌ക്ക് നാണക്കേടാണ് പ്രിന്‍സിപ്പലിന്റെ നിലപാട്. കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ തയാറാകണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത അരുണ്‍ മോഹന്‍ പറഞ്ഞു.
നീതി ഉറപ്പാകുംവരെ എബിവിപി പ്രതിഷേധം തുടരുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി എസ്. അശ്വിന്‍ പറഞ്ഞു. ദേശീയ വനിതാ കമ്മിഷനും ദേശീയ പട്ടികജാതി കമ്മിഷനും അക്രമത്തിനിരയായ കുട്ടികളുടെ മാതാപിതാക്കള്‍ പരാതി നല്കിയിട്ടുണ്ട്.
Discussion about this post