കോട്ടയം: തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ നടത്തപ്പെടുന്ന അരവിന്ദം ‘25 നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഈ മേഖലയിലെ മഹത്തായ ഒരു മത്സരവേദി ആണെന്ന് പ്രശസ്ത സംവിധായകൻ ജയരാജ് അഭിപ്രായപ്പെട്ടു. അരവിന്ദം 25ന്റെ വെബ്സൈറ്റ്, സിഗ്നേച്ചർ വീഡിയോ എന്നിവയുടെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച പ്രൈസ് മണി കൊണ്ടും ഷോർട്ട് ഫിലിമിന് മാത്രമുള്ള മത്സരവേദി എന്നതുകൊണ്ടും ഈ ഫെസ്റ്റിവൽ വേറിട്ട് നിൽക്കുന്നു. പുതിയ തലമുറയിലെ സംവിധായകർക്ക് സിനിമയെ അറിയാൻ, മികച്ച സിനിമകളെ പാഠപുസ്തകം ആക്കാൻ ഇന്ന് യാതൊരു ബുദ്ധിമുട്ടുമില്ല. ക്രിസ്റ്റഫർ നോളനിലാണ് ഇന്നത്തെ തലമുറ അവരുടെ സിനിമ പഠനം ആരംഭിക്കുന്നത്. എന്നാൽ ലോകം കണ്ട ക്ലാസിക് സിനിമകൾ എല്ലാം തന്നെ വലിയ ഇല്ലായ്മകളിൽ നിന്നാണ് ആരംഭിച്ചിട്ടുള്ളത്. പഥേർപാഞ്ചലി അതിനു മികച്ച ഉദാഹരണമാണ്. ഇല്ലായ്മകളിൽ നിന്ന് ലഭിക്കുന്ന ആഴത്തിലുള്ള അറിവ് പുതുതലമുറ സ്വാംശീകരിക്കേണ്ടതുണ്ട്. തമ്പ് ഫിലിം സൊസൈറ്റി ആ പേര് കൊണ്ടുതന്നെ അന്വർത്ഥമാണെന്ന് അദ്ദേഹം പറഞ്ഞു.
അരവിന്ദം എന്നുള്ള പേര് മഹാനായ സംവിധായകൻ അരവിന്ദന്റെ ഓർമ്മകളെ തൊട്ടുണർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സിഗ്നേച്ചർ വീഡിയോ ആനിമേറ്റ് ചെയ്ത പ്രദീപ് എമിലിയെ ആദരിച്ചു. തമ്പ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ഏറ്റുമാനൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തമ്പ് ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി അഡ്വ. അനിൽ ഐക്കര, ഡോക്ടർ ജെ പ്രമീള ദേവി, ആർ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
Discussion about this post