കോട്ടയം: രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ നേതൃത്വത്തിൽ ദീപാവലി ദിനത്തിൽ വടവാതൂരിൽ നടന്ന കുടുംബസംഗമം കാഴ്ച കൊണ്ടും കാഴ്പ്പാടു കൊണ്ടും സവിശേഷമായി മാറി. പ്രകാശത്തിൻ്റെ ഉത്സവമായ ദീപാവലി ദിനത്തിൽ ഒന്നു ചേർന്ന് നൂറ് കണക്കിന് ചിരാതുകളിൽ ദീപം തെളിച്ച ശേഷം കോർണിയ തകരാറു മൂലം ഇരുളിൽ ജീവിക്കുന്ന രാജ്യത്തെ നാൽപ്പത് ലക്ഷം പേരുടെ പ്രയാസമുൾക്കൊണ്ട് അവരുടെ കണ്ണുകളിൽ വെളിച്ചം പകരാനായി മരണശേഷം തങ്ങളുടെ നേത്രപടലങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രങ്ങൾ കൈമാറി. ഒരാൾ നേത്രദാനം ചെയ്യുമ്പോൾ രണ്ട് പേർക്കാണ് കാഴ്ച ലഭിക്കുന്നത്.
ഈ കർമ്മത്തിൻ്റെ മഹത്വം ഉൾക്കൊണ്ട വടവാതൂർ ഗ്രാമത്തിലെ 103 പേർ നൽകിയ സമ്മതപത്രങ്ങൾ ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സംഘത്തിൻറെ വിവിധ ക്ഷേത്ര പ്രസ്ഥാനമായ സക്ഷമക്ക് വേണ്ടി കോട്ടയം ജില്ല ജോയിൻ സെക്രട്ടറി ശ്രീ കെ ജയരാജ് ഏറ്റുവാങ്ങി. കോട്ടയം ജില്ലയിൽ ഈ വർഷം സക്ഷമ മുഖാന്തിരം 51 നേത്രദാനങ്ങളാണ് നടന്നത്. ഇതുവഴി 102 പേരെ ഈ വർഷം വെളിച്ചത്തിൻ്റെ ലോകത്തേക്ക് നയിക്കാൻ സാധിച്ചിട്ടുണ്ട്. മഹത്തരമായ ചുവടുവയ്പിലൂടെ ദീപാവലി ദിനത്തിൽ വെളിച്ചം പകരുകയെന്ന സന്ദേശത്തെ അക്ഷരാർത്ഥത്തിൽ വടവാതൂർ ഗ്രാമം അന്വർത്ഥമാക്കി.
Discussion about this post