കൊച്ചി : ഹിന്ദുക്കളിൽ പതിതരായി ആരുമില്ല എന്നതാണ് ഹിന്ദു ദർശനമെന്ന് സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണൻ. കഴിഞ്ഞ ദിവസം പറവൂർ തത്തപ്പിള്ളി ക്ഷേത്രത്തിൽ വഴിപാട് കഴിക്കാനെത്തിയാൾ പൂജാരി വിഷ്ണു ശാന്തിയുടെ ജാതി ചോദിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ പാവക്കുളം ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഹൈന്ദവ കൂട്ടായ്മയിൽ വിഷ്ണു ശാന്തിയെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രപൂജാരിയായ വിഷ്ണു ശാന്തിക്ക് നേരെ ഉണ്ടായ ജാതീയമായ അധിക്ഷേപം ഹൈന്ദവ ജനതയുടെ മഹത്തായ ദർശനത്തിന് നേരെ ഉണ്ടായ അവഹേളനമാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാൻ ഹൈന്ദവസംഘടനകൾക്ക് സാദ്ധ്യമാകില്ല എന്നും, അത്തരമൊരു നീചപ്രവർത്തിക്ക് പാത്രമാകേണ്ടിവന്ന വിഷ്ണുശാന്തിയെ ചേർത്ത് പിടിക്കാനും ആദരിക്കാനും “ഹൈന്ദവ സോദര സർവ്വേ , ന ഹിന്ദു പതിതോ ഭവേത്” (ഹിന്ദുക്കളെല്ലാരും സഹോദരരാണ്, ഹിന്ദുക്കളിൽ പതിതരില്ല) എന്ന മന്ത്രം ഓതിയ വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ആസ്ഥാനമായ പാവക്കുളം ക്ഷേത്രത്തെക്കാൾ പരിപാവനമായ മറ്റൊരിടം ഇല്ലായെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ അപലപീനമായ സംഭവത്തെ സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കി ചോര കുടിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നീക്കങ്ങൾക്ക് നേരെ ഹിന്ദു സമുദായം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ ഹൈന്ദവ സംഘടനകളും ഭക്തജനങ്ങളും ചേർന്ന് സംഘടിപ്പിച്ച ഹൈന്ദവ കൂട്ടായ്മയിൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ട്രഷറർ വി.ശ്രീകുമാർ, ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് എൻ.എസ്.ബാബു തുടങ്ങി നിരവധി ഹിന്ദുനേതാക്കളും ഭക്തജനങ്ങളും തദവസരത്തിൽ വിഷ്ണുശാന്തിയെ ആദരിച്ചു.
Discussion about this post