കോട്ടയം: കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ വൈക്കം സത്യഗ്രഹ ഭൂമിയില്‍ തന്തൈ പെരിയോര്‍ സ്മാരകം നവീകരിച്ച് അനാച്ഛാദനം ചെയ്യുമ്പോള്‍ വൈക്കം സത്യഗ്രഹ നാളുകളില്‍ അദ്ദേഹം ഉയര്‍ത്തിയ ആശയവും ആശങ്കകളും അവതരിപ്പിക്കാനും പരിഹാരം കാണാനും എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു.
രാഷ്‌ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാരുകളുടെ ശ്രമം. വൈക്കത്ത് നടന്നത് രാഷ്‌ട്രീയ മുന്നേറ്റമല്ല, ഹിന്ദു നവീകരണമാണെന്ന് പെരിയോറും മഹാത്മാഗാന്ധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദു സമൂഹത്തിലെ ജീര്‍ണതകളെ സാമൂഹ്യ പരിഷ്‌കരണത്തിലൂടെ പരിഹരിക്കുകയായിരുന്നു ടി.കെ. മാധവനും മന്നത്ത് പത്മനാഭനും പെരിയോറും മറ്റും.
ഹിന്ദുജനസംഖ്യ കുറയുന്നുവെന്നും തീണ്ടലും തൊടലും മൂലമുള്ള മതപരിവര്‍ത്തനമാണ് ഇതിന് കാരണമെന്നും സ്ഥിതി തുടര്‍ന്നാല്‍ ഹിന്ദുമതം എന്ന പദം പോലും നശിച്ചുപോകുമെന്നും പറഞ്ഞത് രാമസ്വാമി നായ്‌ക്കരാണ്. ക്രൈസ്‌വത ജനസംഖ്യ 22 ശതമാനവും ഇസ്ലാം അഞ്ചര ശതമാനവും വര്‍ധിച്ചപ്പോള്‍ ഹിന്ദുജനസംഖ്യ കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാതി നശിപ്പിക്കണമെന്നല്ല ഉയര്‍ന്ന ജാതി, താണ ജാതി എന്നത് നശിപ്പിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത് ജാതി വിരുദ്ധത പ്രോത്സാഹിപ്പിച്ച് രാഷ്‌ട്രീയനേട്ടം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കേരള തമിഴ്‌നാട് സര്‍ക്കാരുകള്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് വിശദീകരിക്കണമെന്നും ബിജു ആവശ്യപ്പെട്ടു. വൈക്കം സത്യാഗ്രഹ സമരത്തിലെ വീര ബലിദാനി ചിറ്റേടത്ത് ശങ്കുപ്പിള്ളയ്‌ക്ക് സ്മാരകം അദ്ദേഹത്തിന്റെ ജന്മസ്ഥാനത്ത് നിര്‍മിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Discussion about this post