പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ ഉത്തരവാദികളായ അദ്ധ്യാപകരെ അറസ്റ്റുചെയ്യണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വര്‍പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അമ്മുവിനെ മാനസികമായി ബുദ്ധിമുട്ടിച്ച അദ്ധ്യാപകരെയും പ്രിന്‍സിപ്പലിനെയും സംരക്ഷിക്കാനാണ് പോലീസും ആരോഗ്യമന്ത്രിയും സര്‍ക്കാരും ശ്രമിക്കുന്നത്. അമ്മുവിന്റെ അച്ഛന്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ഈശ്വര്‍പ്രസാദ് ചൂണ്ടിക്കാട്ടി.
അമ്മു മരിച്ച ദിവസം പ്രതികളില്‍ ഒരാളുടെ ലോഗ്ബുക്ക് നഷ്ടപ്പെട്ടെന്ന പേരില്‍ സൈക്യാട്രി വിഭാഗം അദ്ധ്യാപകന്‍ രണ്ടു മണിക്കൂറോളം അമ്മുവിനെ വിചാരണ നടത്തി. രേഖാമൂലമല്ലാത്ത പരാതിയിലായിരുന്നു മാനസിക പീഡനം. മൂന്നാം നിലയില്‍നിന്ന് വീണ അമ്മുവിനു യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിലും വീഴ്ച സംഭവിച്ചു. കുറ്റക്കാരെ സംരക്ഷിക്കുന്ന എസ്എംഇ ഡയറക്ടര്‍ ഹരികൃഷ്ണനെതിരെ അമ്മുവിന്റെ അച്ഛന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഡയറക്ടര്‍ ഹരികൃഷ്ണന്‍, കോളജ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ സലാം, അദ്ധ്യാപകരായ ലിഡ ഗ്രിഗറി, സജി എന്നിവരെ പ്രതിചേര്‍ക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. ഇതിനായി എബിവിപി ശക്തമായ സമരം ആരംഭിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അരുണ്‍മോഹന്‍, സെക്രട്ടറി അശ്വില്‍ എസ്, കമ്മിറ്റിയംഗം ആരതി ബിജു എന്നിവരും പങ്കെടുത്തു.
Discussion about this post