തിരുവനന്തപുരം: കേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന ഹിന്ദു ഭക്തരുടെ ഹൃദയവികാരത്തിന് അനുസൃതമായ വിധിയാണ് ക്ഷേത്രോത്സവങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്ന് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയും ജനറല്‍ സെക്രട്ടറി കെ എസ് നാരായണനും പറഞ്ഞു.
ഹൈക്കോടതിയുടെ വിധി ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിന്റെ പ്രത്യേകതകളും പരിഗണിക്കാതെ തികച്ചും ഏകപക്ഷീയവും ക്ഷേത്രോത്സവങ്ങളുടെ അനുഷ്ഠാനങ്ങള്‍ മുതല്‍ ആചാരങ്ങള്‍ വരെ തകര്‍ക്കുന്നതും ആയിരുന്നു.ഇക്കാര്യം ബഹുമാനപ്പെട്ട സുപ്രീം കോടതി അപ്പീല്‍ പരിഗണിക്കുന്ന വേളയില്‍ പരാമര്‍ശിച്ചിട്ടുള്ളത് കേരളത്തിലെ നീതിപീഠങ്ങളുടെ സത്യസന്ധതയോടും വിശ്വാസ്യതയോടുമുള്ള ചോദ്യചിഹ്നം കൂടിയാണെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലെ ഒരു വിഭാഗം സംഘടിത ഗൂഢാലോചനക്കാര്‍ സര്‍ക്കാരിനെയും നീതിപീഠങ്ങളെയും ഹിന്ദുക്കളെയും ഹിന്ദുവിശ്വാസത്തെയും ആരാധനയും അനുഷ്ഠാനങ്ങളെയും തകര്‍ക്കാന്‍ ആസൂത്രിതമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.വിദേശ പണം പോലും കൈപ്പറ്റുന്ന ഇത്തരക്കാര്‍ക്ക് എതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നും സമിതി ആവശ്യപ്പെടുന്നു.
ശബരിമല മുതല്‍ എല്ലാ പ്രശ്‌നങ്ങളിലും ഇത് വ്യക്തമാണ്.കേരളത്തിലെ ക്ഷേത്രങ്ങളുടെയും ആദിവാസികളുടെയും സ്വത്തിന്റെയും ഭൂമിയുടെയും കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തികഞ്ഞ നിരുത്തരവാദപരമായ പെരുമാറ്റമാണ് ഉണ്ടായിട്ടുള്ളത്.ക്ഷേത്ര സ്വത്തുക്കളും അന്യാധീനമായ ക്ഷേത്രഭൂമികളും വീണ്ടെടുക്കാന്‍ സത്യരനടപടികള്‍ സ്വീകരിക്കണമെന്നും ക്ഷേത്ര സംരക്ഷണ സമിതി അഭ്യര്‍ത്ഥിച്ചു.ക്ഷേത്രോത്സവങ്ങളെയും അനുഷ്ഠാനങ്ങളെയും ഭാരതീയ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും അമൂല്യ രത്‌നഖനി യാണെന്ന് കണ്ട് അത് നിലനിര്‍ത്തുവാനും പരിരക്ഷിക്കാനും വേണ്ടുന്ന രീതിയില്‍ വേണം നീതിപീഠങ്ങള്‍ ഇടപെടാനെന്നും ക്ഷേത്ര സംരക്ഷണ സമിതി അഭ്യര്‍ത്ഥിക്കുന്നു
Discussion about this post