കാഞ്ഞങ്ങാട് : ബംഗ്ലാദേശ് ഹിന്ദു വംശഹത്യ ലക്ഷ്യമിടുന്നത് ഭാരതത്തെ തന്നെയാണെന്ന് പ്രശസ്ത സാംസ്കാരിക നായകനും മാധ്യമ പ്രവർത്തകനുമായ എ.പി അഹമ്മദ് മാസ്റ്റർ പറഞ്ഞു. “ബംഗ്ലാദേശ് ന്യൂനപക്ഷ വംശഹത്യ: പ്രത്യാഘാതങ്ങൾ, ആഖ്യാനം, നീതി” എന്ന വിഷയത്തെ ആസ്പദമാക്കി ഭാരതീയ വിചാരകേന്ദ്രം കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ വച്ച് നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗ്ലാദേശ് വംശഹത്യയുടെ അന്തിമലക്ഷ്യം അവിടത്തെ ന്യൂനപക്ഷ ഉന്മൂലനം മാത്രമല്ല ഭാരതീയ വിരുദ്ധ താല്പര്യങ്ങൾ കൂടിയാണ്. ഒരു ലോക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തിൻറെ വളർച്ച അമേരിക്കയും ചൈനയും അടക്കമുള്ള നിക്ഷിപ്ത താല്പര്യക്കാരെ വിറളി പിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ ആത്യന്തിക ലക്ഷ്യം എന്നത് ഭാരതത്തിനെ ശിഥിലമാക്കുക എന്നുള്ളതാണ്. ഇസ്ലാമിക ഭീകരവാദം മുളപൊട്ടുന്നത് അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രത്തിന്റെ പിന്തുണയോടു കൂടിയാണെങ്കിലും അത് വളരുന്നത് സാമ്രാജ്യത്വ ശക്തികളുടെ കൂലി പട്ടാളം ആയിട്ടാണ്. അഫ്ഗാനിലും പാലസ്തീനിലും സിറിയയിലും കണ്ടതിന്റെ തുടർച്ചയാണിത്. എന്തുതന്നെയായാലും എന്തുവിലകൊടുത്തും ഭാരതത്തിനു നേരെ കണ്ണ് വച്ചിരിക്കുന്ന വൈദേശിക ശക്തികളെ നിലക്കുനിർത്താൻ ഭാരത ഭരണകൂടത്തിന് കെൽപ്പുണ്ട് എന്നും അഹമ്മദ് മാസ്റ്റർ കൂട്ടിച്ചേർത്തു.
തുടർന്ന് പ്രശസ്ത നിയമജ്ഞനും മനുഷ്യാവകാശ പ്രവർത്തകനുമായ എസ്.ജയസൂര്യൻ “ബംഗ്ലാദേശ് ന്യൂനപക്ഷ വംശഹത്യ; ആഖ്യാനം, നീതി” എന്നെ വിഷയത്തെ ആസ്പദമാക്കി വിഷയാവതരണം നടത്തി. മുരളീധരൻ പാലമംഗലം അധ്യക്ഷനായി, ഭാരതീയ വിചാരകേന്ദ്രം കാസർഗോഡ് ജില്ലാ സെക്രട്ടറി ഡോ. കെ ആർ ശിവപ്രസാദ് സ്വാഗതം പറഞ്ഞു. എം ചന്ദ്രശേഖരൻ കൃതജ്ഞത രേഖപ്പെടുത്തി.
Discussion about this post