കൊച്ചി: കെ. ഭാസ്‌കര്‍ റാവുജിയുടെ ഓര്‍മകള്‍ നിറഞ്ഞ് കൊച്ചിയില്‍ നടന്ന സ്മൃതി ദിനാചരണം. പരിചയപ്പെടുന്നവരുമായി ആഴത്തിലുള്ള വ്യക്തി ബന്ധം സൂക്ഷിച്ചിരുന്നയാളായിരുന്നു ഭാസ്‌കര്‍ജിയെന്ന് ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന്‍ പറഞ്ഞു. ഭാസ്‌കര്‍റാവു സ്മാരക സമിതി എളമക്കര ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച യോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധിക്കുന്ന സമയത്തെല്ലാം സ്വയം സേവകരുടെ ഭവനങ്ങളില്‍ പോകും. മലയാളം വശമില്ലെങ്കിലും കഴിയുന്നത് പോലെ അവരുമായി ആശയവിനിമയം നടത്തും. ഏത്രദൂരം ഇതിനായി നടക്കാനും മടിയില്ലായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. എല്ലാവരേയും ഒപ്പം കൂട്ടി നടത്താനാണ് ഭാസ്‌കര്‍ജി ശ്രമിച്ചിരുന്നത്. മുന്നില്‍ നടക്കാതെ ഒപ്പം നടക്കുന്ന ഈ പ്രത്യേകയാണ് അദ്ദേഹത്തെ ഏവര്‍ക്കും പ്രിയപ്പെട്ടവനാക്കിയത്. അദ്ദേഹം എല്ലാവര്‍ക്കും സ്‌നേഹത്തോടെയുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമാണ് കത്തുകളിലൂടെയടക്കം നല്‍കിയിരുന്നത്. കേരളത്തില്‍ നിന്നടക്കം പുറത്തേക്ക് പോകുന്നവര്‍ക്ക് ഈ കത്തുകള്‍ വലിയ പ്രേരണയും പിന്തുണയുമാണ് നല്‍കിയത്. സാധാരണക്കാരെ പോലും അദ്ദേഹം കണ്ടെത്തി ഉയര്‍ന്ന തലങ്ങളിലേക്ക് എത്തിച്ചു. ബൗദ്ധിക്കുകളില്‍ ദീര്‍ഘമായി പ്രസംഗിച്ച് കേട്ടിട്ടില്ല, കത്തുകളിലൂടെയാണ് അദ്ദേഹം സംഭാഷണം നടത്തിയിരുന്നതെന്നും പി. നാരായണന്‍ പറഞ്ഞു.
താന്‍ പരിചയപ്പെട്ടത് മുതലുള്ള നിരവധി ഓര്‍മകളും അദ്ദേഹം യോഗത്തില്‍ പങ്കുവെച്ചു. ദേശീയ തലത്തില്‍ തന്നെ സംഘത്തിന് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള സംസ്ഥാനമാണ് കേരളമെന്ന് കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള പ്രൊഫ. ആന്റ് ഡീന്‍ ഡോ. കെ. ജയപ്രസാദ് തന്റെ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. സംഘ പ്രവര്‍ത്തനം പേരിന് വേണ്ടിയല്ല നടത്തുന്നത്. തന്റെ ഗവേഷണത്തിലൂടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും സംഘം രൂപീകരിച്ചിട്ട് 100 വര്‍ഷം തികയുന്ന വേളയില്‍ നവോന്ഥാനത്തിലൂടെയുള്ള ഹൈന്ദവ ഏകീകരണത്തില്‍ ഇനിയും മുന്നോട്ട് പോകാനുണ്ട്. കേരളത്തിലെ സംഘപ്രവര്‍ത്തനത്തിന് വിശാലമായ മാനം നല്‍കിയത് ഭാസകര്‍ജി ഉള്‍പ്പെടുന്ന മുതിര്‍ന്ന കാര്യകര്‍ത്താക്കളാണെന്നും ഡോ. കെ. ജയപ്രസാദ് പറഞ്ഞു.
ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ അഡ്വ. കെ. രാംകുമാര്‍ അധ്യക്ഷനായി. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് വി.എസ്. രമേഷ്, എം. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post