മാവേലിക്കര: വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ ഉച്ചക്ക് രണ്ടിന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബി. സന്തോഷ് അറിയിച്ചു. കവി സുഗതകുമാരിയുടെ നവതിയാഘോഷ സമാപനത്തോടനുബന്ധിച്ച് ആറന്മുളയിൽ നടക്കുന്ന സുഗതോത്സവം പരിപാടിയിൽ പങ്കെടുത്ത ശേഷമാകും കേന്ദ്രമന്ത്രി മാവേലിക്കരയിൽ എത്തുക.
വിദ്യാധിരാജ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം.എന്‍. ശശിധരന്‍ അധ്യക്ഷത വഹിക്കും. ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജയപ്രകാശ് വല്യത്താന്‍ ആമുഖ പ്രഭാഷണം നടത്തും. ട്രസ്റ്റ് സെക്രട്ടറി വി. അനില്‍ കുമാര്‍ കേന്ദ്രമന്ത്രിയെ ആദരിക്കും.
മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ്, നഗരസഭ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എം. രമേശന്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്, സ്‌കൂള്‍ ക്ഷേമസഭ പ്രസിഡന്റ് എച്ച്. മേഘനാഥന്‍, മാതൃസമിതി പ്രസിഡന്റ് ധന്യ രഞ്ജിത്ത്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബി. സന്തോഷ് എന്നിവര്‍ സംസാരിക്കും.
കഴിഞ്ഞ അധ്യയന വർഷമാണു വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിനു സൈനിക സ്കൂൾ അംഗീകാരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 80 കുട്ടികൾ രണ്ടു ബാച്ചിലായി പ്രവേശനം നേടി.കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള സൈനിക സ്കൂളിലേക്ക് അടുത്ത അധ്യയന വർഷത്തേക്ക് ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു നടപടികൾ ആരംഭിച്ചു. കേരളത്തിൽ മാവേലിക്കര കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഓരോ സൈനിക സ്കൂൾ കൂടി ഉണ്ട്.
Discussion about this post