തിരുവനന്തപുരം: കേരള കേന്ദ്ര സര്‍വകലാശാലയില്‍ താത്കാലിക അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സോഷ്യല്‍വര്‍ക്ക് വിഭാഗം പ്രൊഫ.എ.കെ. മോഹനനെ തിരിച്ചെടുത്ത് കേന്ദ്രസര്‍വകലാശാല അധികൃതര്‍ അഴിമതിക്ക് കുടപിടിക്കുകയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്യലക്ഷ്മി.
കഴിഞ്ഞവര്‍ഷം ജോലി സ്ഥിരപ്പെടുത്താം എന്ന പേരില്‍ ഗസ്റ്റ് അധ്യാപകന്റെ കൈയില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായ എ.കെ. മോഹനനെ എബിവിപിയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ കൈക്കൂലി കേസില്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, എക്‌സിക്യുട്ടിവ് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയ്‌ക്ക് പോലും എടുക്കാതെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പിന്‍വലിച്ചത് ദുരൂഹമാണ്. റിവ്യൂകമ്മിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ചിട്ട് ആറുമാസം കഴിഞ്ഞിട്ടും അന്വേഷണംപോലും നടത്താതെ പുതിയ കമ്മിറ്റിയിരുന്ന് അധ്യാപകനെ തിരിച്ചെടുത്തത് അഴിമതി നടത്തുന്നതിന് തുല്യമാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിന്തുണയ്‌ക്കുന്ന ഏകപക്ഷീയമായ നിലപാടാണ് സര്‍വകലാശാല വിസിയും രജിസ്ട്രാറും സ്വീകരിക്കുന്നത്. സ്ഥിരം വിസി നിയമനം നടന്നില്ലെന്നിരിക്കെ അഴിമതിക്കാരനായ അധ്യാപകനെ തിരിച്ചെടുക്കാനുള്ള താത്കാലിക വിസിയുടെയും രജിസ്ട്രാറിന്റെയും തീരുമാനം പ്രതിഷേധാര്‍ഹമാണ്.
അക്കാദമിക് കാര്യങ്ങളിലും അടിസ്ഥാന സൗകര്യവികസനത്തിലും ഇപ്പോഴും മെല്ലെപ്പോക്ക് തുടരുന്ന താത്കാലിക വിസിക്ക് അഴിമതിക്കാരെ തിരിച്ചെടുക്കാന്‍ ഒരു മടിയുമില്ല. ശനിയും ഞായറും അവധിയാണെന്ന് മുന്‍കൂട്ടിക്കണ്ടാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള ഉത്തരവ് വെള്ളിയാഴ്‌ച്ച രാത്രി പുറത്തിറക്കുന്നത്. വിദ്യാര്‍ത്ഥിവിരുദ്ധ നിലപാടുകളെടുത്ത് മുന്നോട്ടുപോകാനാണ് ശ്രമമെങ്കില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ നേരിടേണ്ടി വരുമെന്നും വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി എബിവിപി മുന്നോട്ട് പോകുമെന്നും ആര്യലക്ഷ്മി പറഞ്ഞു.
Discussion about this post