കോട്ടയം : എംജി സർവകലാശാല കലോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ പാലസ്തീൻ അനുകൂല പോസ്റ്റർ പിൻവലിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.
കലോത്സവവുമായി ബന്ധപ്പെട്ട് കലയെയും സർഗ്ഗാത്മകതയെയും മാതൃമലയാളത്തെയും മറന്നുകൊണ്ട് ഹമാസ് പോലെയുള്ള തീവ്രവാദ സംഘടനകളുടെ അശയങ്ങൾക്കും കലാപങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നത് വിദ്യാർത്ഥി മനസുകളിൽ തീവ്രവാദത്തിന്റെയും കലാപങ്ങളുടെയും ആശയം കുത്തി നിറക്കുവാൻ വേണ്ടിയാണ്. ആഗോള തലത്തിൽ നടക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന് കേരളത്തിൽ വേണ്ട പരസ്യം നൽകുന്നത് SFI പോലുള്ള ഇടതുപക്ഷ സംഘടനകളാണ്. അത്തരത്തിൽ തീവ്രവാദത്തിന് വേണ്ടിയുള്ള പരസ്യപ്രചാരണമായാണ് പാലസ്തീൻ – ഹമാസ് അനുകൂല പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് നൽകിയത് വലിയ വിവാദമായിരുന്നു.
5000 പലസ്തീനികളും 1500 ഇസ്രയേലികളും കൊല്ലപ്പെട്ട,ആറു വർഷം നടന്ന സായുധ കലാപത്തിന്റെ പേരാണ് ഇൻതിഫാദ. ഇത്തരത്തിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന മുഴുവൻ സായുധ പ്രവർത്തനങ്ങളെയും ഇൻതിഫാദ എന്ന ഓമനപ്പേരിൽ വിളിക്കുന്നു. തദവസരത്തിൽ എബിവിപി ഗവർണർക്കും വിസിക്കും പരാതി നൽകുകയും കേരള ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പിന്നീട് ഇൻതിഫാദ എന്ന പേര് പിൻവലിക്കേണ്ടതായി വന്നു. ഇൻതിഫാദയുടെ രണ്ടാം ഭാഗമെന്നൊണമാണ് എസ്എഫ്ഐ ഇത്തരം കാര്യങ്ങൾ വീണ്ടും ചെയ്തുകൊണ്ടിരിക്കുന്നത്. എസ്എഫ്ഐ നേതൃത്വം കൊടുക്കുന്ന ഇതേ എംജി യൂണിവേഴ്സിറ്റി യൂണിയൻ നവംബറിൽ നാഷണൽ കോൺഫറൻസ് എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറിന്റെ പോസ്റ്ററിലും വിഘടന വാദമുൾപ്പടെയുള്ള ജിഹാദി ആശയങ്ങൾ ഉയർത്തിപ്പിടിച്ചിരുന്നു.
ഭാരതത്തിൻറെ ഭൂപടം വെട്ടി മുറിക്കപ്പെട്ട നിലയിൽ അവതരിപ്പിച്ച പോസ്റ്റർ എബിവിപിയുടെ പരാതിയെത്തുടർന്ന് പിൻവലിച്ചിരുന്നു. ഇതേ സർവകലാശാല യൂണിയൻ തന്നെയാണ് ഇപ്പോൾ വീണ്ടും ഇത്തരത്തിൽ ഒരു പോസ്റ്റർ പ്രകാശിപ്പിച്ചത് എന്നത് എസ്എഫ്ഐയുടെ ദേശവിരുദ്ധതയും ജിഹാദി അനുഭാവവും തുറന്നു കാട്ടുന്നതാണ്. നിലവിലെ സാമൂഹിക സാഹചര്യത്തിൽ റാഗിംഗ്, ലഹരി ഉപയോഗം അടക്കമുള്ള വിഷയങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ ചർച്ച ചെയ്യേണ്ട പ്രസക്തി വർദ്ധിച്ചു വരികയാണ്. ഇതടക്കമുള്ള വിഷയങ്ങളെ അവഗണിച്ച് ജിഹാദി ആശയങ്ങൾ തുടർച്ചായി വിദ്യാർത്ഥികൾക്കിടയിൽ അവതരിപ്പിക്കുമ്പോൾ സർവകലാശാല യൂണിയനിൽ തീവ്രവാദ ആശയം പേറുന്നവർ നുഴഞ്ഞ് കയറിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്ത് കേരളത്തിനകത്തും പുറത്തുമായി കലോത്സവങ്ങൾക്ക് പരിഗണിക്കാൻ കഴിയുന്ന നിരവധി ആശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തുടർച്ചായി ഹമാസ് അനുകൂല ആശയം ഒളിച്ചു കടത്തുന്നത് കൃത്യമായ ഇടത് അജണ്ടയാണ്.
കലയുടെയും സർഗാത്മകതയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം കലാപത്തിന്റെയും വിഭാഗീയതയുടെയും അന്തരീക്ഷത്തിലേക്ക് ഒരു കലോത്സവത്തെ ഉയർത്തിക്കൊണ്ട് പോകുന്നത് അപലപനീയമാണ്. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം പോസ്റ്റർ പിൻവലിച്ച് കലോത്സവവുമായി ബന്ധപ്പെട്ട പോസ്റ്ററടക്കമുള്ള വിഷയങ്ങളിൽ കലയും സർഗ്ഗാത്മകതയുമടങ്ങുന്ന ആശയങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് പ്രസ്താവനയിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post