തിരുവനന്തപുരം: അപൂര്‍വ്വ രോഗബാധിതയായി അന്തരിച്ച പട്ടം ചാലക്കുഴി ലൈനില്‍ ‘പുലരി’ വീട്ടില്‍ രജനിയുടെ അന്ത്യാഭിലാഷം സഫലമായി. തന്റെ കാലശ്ശേഷം വീടും സ്ഥലവും സാമൂഹിക നന്മയ്‌ക്കായി ഉപകരിക്കണമെന്ന ആഗ്രഹഹത്തോടെ സേവാഭാരതിക്ക് കൈമാറിയ കെട്ടിടം ഇന്നലെ പൊതു സമൂഹത്തിന്റെ ആശ്രയ കേന്ദ്രമായി പ്രവര്‍ത്തനം തുടങ്ങി. ആര്‍ എസ് എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്‍ ദീപം തെളിച്ച് ഗൃഹപ്രവേശനം നടത്തി.
മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അവിവാഹിതയായ രജനി ഒറ്റയ്‌ക്കാണ് പുലരി വീട്ടില്‍ കഴിഞ്ഞിരുന്നത്. അപൂര്‍വ്വ രോഗബാധിതയായി ദുരവസ്ഥയില്‍ തുണയേകാന്‍ അടുത്ത ബന്ധുക്കള്‍ പോലും ഇല്ലായിരുന്നു. ബന്ധുക്കളില്‍ ചിലര്‍ അറിയിച്ചതിനെ തുടര്‍ന്ന് സേവാഭാരതിയുടെ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ വിഭാഗം രജനിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് സേവാഭാരതി പ്രവര്‍ത്തനങ്ങളെ അടുത്തറിഞ്ഞ രജനി തന്റെ വീടും സ്ഥലവും ഇഷ്ടദാനം നല്‍കി. രജനിയുടെ ഓര്‍മ്മകള്‍ അന്തിയുറങ്ങുന്ന വീട് സേവാഭാരതിയുടെ നിയന്ത്രണത്തില്‍ രോഗികള്‍ക്കും അശരണര്‍ക്കുമുള്ള സേവന കേന്ദ്രമായി പ്രവര്‍ത്തിക്കും.
ഇരുപത്തിനാല് മണിക്കൂറും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനം ലഭിക്കാവുന്ന വിധത്തില്‍ സേവാഭാരതി കേരളയുടെ ജില്ലാ ആസ്ഥാനമെന്ന നിലയിലാണ് പ്രവര്‍ത്തനം സജ്ജമാക്കിയിരിക്കുന്നത്. രക്തദാനം, പാലിയേറ്റീവ് കെയര്‍ എന്നിവയ്‌ക്ക് പുറമെ ലഹരിയില്‍ മുഴുകിയ വ്യക്തികളെ കൗണ്‍സിലിങിന് വിധേയമാക്കാനുള്ള സംവിധാനവും ഇവിടെയുണ്ടായിരിക്കും. ഡോക്ടര്‍ രാജ്‌മോഹന്റെ നേതൃത്വത്തില്‍ ആറോളം ഡോക്ടര്‍മാരുടെയും ക്ലിനിക്ക് സൈക്കോളജിസ്റ്റിന്റെയും സേവനം ലഭിക്കും.
ഗൃഹപ്രവേശന ചടങ്ങില്‍ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. വിജയന്‍, ട്രഷറര്‍ പി.എസ്.പ്രസന്നകുമാര്‍, ഡോ.ഗിരീഷ പ്രസാദ്, പഴവങ്ങാടി ഗണപതി ക്ഷേത്ര ട്രസ്റ്റ് ദുര്‍ഗ്ഗാദാസ് എന്നിവര്‍ സംസാരിച്ചു.
Discussion about this post