ആലുവ : കേരളത്തിൽ അതി രൂക്ഷമായി കൊണ്ടിരിക്കുന്ന ലഹരി എന്ന മാരക വിപത്തിനെതിരായ പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് ഭാരതീയ വിചാരകേന്ദ്രം ആവശ്യപ്പെടുന്നു. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെയും സാമൂഹ്യ ജീവിതത്തെയും തകർക്കുന്ന വിധത്തിലുള്ളതാണ് ലഹരിമാഫിയ ഉയർത്തുന്ന വെല്ലുവിളികൾ. ഇതിനെതിരായ സർക്കാർ നടപടികൾ തീർത്തും അപര്യാപ്തമാണ്. ലഹരി വിറ്റ് ജീവിക്കുന്ന ഒരു സർക്കാർ ആണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. 2016 ൽ 30 ബാറുകൾ ഉണ്ടായിരുന്ന കേരളത്തിലിന്നു 900ത്തോളം ബാറുകളുണ്ട്. അവയിലൂടെ യഥേഷ്ടം മദ്യം ഒഴുക്കുന്നു. അതിനുപുറമേ കഞ്ചാവ്,രാസ ലഹരികൾ, സിന്തറ്റിക് ലഹരികൾ എന്നിങ്ങനെ വൈവിധ്യമാർന്ന എല്ലാ ലഹരി ഉൽപ്പന്നങ്ങളും ലഭിക്കുന്ന ഒരു ഹബ്ബായി കേരളം മാറി കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ കേരളത്തിൽ നടന്ന 63 കൊലപാതകങ്ങളിൽ ഭൂരിഭാഗവും ലഹരിക്കടിമകളായവർ സ്വന്തം കുടുംബാംഗങ്ങളെയോ, സുഹൃത്തുക്കളെയോ മൃഗീയമായി കൊലപ്പെടുത്തിയ സംഭവങ്ങളാണ്. കേരളത്തിൽ 1500 ഓളം പ്രദേശങ്ങൾ ലഹരിയുമായി ബന്ധപ്പെട്ട ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലായി കോടിക്കണക്കിനു രൂപയുടെ കച്ചവടം നടന്നുവരുന്നു. മയക്കുമരുന്ന് മാഫിയ സമാന്തര സർക്കാറായി മാറുന്ന കാലം വിദൂരമല്ല.
ഭാവിതലമുറകളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന വിദ്യാലയങ്ങളും കലാലയങ്ങളും എല്ലാം ലഹരിയുടെ പിടിക്കുള്ളിലാണ്. കലാലയങ്ങൾ അടക്കിവാഴുന്ന വിദ്യാർത്ഥി സംഘടനകൾ തന്നെ ലഹരിക്കച്ചവടക്കാരായി മാറുന്നത് ആശങ്കാജനകമാണ്. അതുകൊണ്ടുതന്നെ ഇതിനെതിരെ നടപടിയെടുക്കാൻ സർക്കാർ സംവിധാനങ്ങളും വിമുഖരാണ്. കഴിഞ്ഞ വർഷം ലഹരിയുമായി ബന്ധപ്പെട്ട 24517 അറസ്റ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിലും തുടർനടപടികൾ ശക്തമല്ലാത്തതുകൊണ്ട് ലഹരിയുടെ ശൃംഖല ശക്തമാവുകയാണ് ചെയ്തത്.
വർധിച്ചു വരുന്ന ആത്മഹത്യകളും ലഹരി ആസക്തിയും തകരുന്ന മാനസികാരോഗ്യവും കേരളത്തെ പിന്നോട്ടുവലിക്കുന്നു. രാഷ്ട്രത്തെ തന്നെ ശിഥിലമാക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളുടെ വിഹാരകേന്ദ്രമായി കേരളത്തെ മാറ്റാൻ അനുവദിച്ചുകൂടാ. ലഹരിവസ്തുക്കളുടെ തടസ്സമില്ലാത്ത ലഭ്യത തന്നെയാണ് ഉപയോഗം കൂടുന്നതിന്റെ കാരണവും.അതുകൊണ്ടുതന്നെ ലഹരിവസ്തുക്കളുടെ വിതരണം പൂർണമായും ഇല്ലാതാക്കുന്ന വിധത്തിലുള്ള ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണം. കേസിലാകുന്നവരെ സർക്കാർ തന്നെ രക്ഷിച്ചെടുക്കുന്ന രീതിയും അവസാനിപ്പിക്കണം.
ലഹരിക്കെതിരായ ശക്തമായ ജനകീയ പ്രതിരോധവും ഉയർന്നു വരേണ്ടതുണ്ട്. കലാസാംസ്കാരിക മാധ്യമ,രാഷ്ട്രീയ മേഖലകളിലുള്ളവരെല്ലാം ഒത്തുചേർന്നുകൊണ്ട് ഈ വിപത്തിനെതിരായി പ്രതികരിക്കുകയും പ്രവർത്തിക്കുകയും വേണം. നഴ്സറി കുട്ടികളെ വരെ അടിമകളാക്കുന്ന ഈ വിപത്തിനെതിരെ രക്ഷിതാക്കളെ ബോധവൽക്കരിക്കേണ്ടത് അനിവാര്യമാണ്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കുട്ടികൾക്കും, രക്ഷിതാക്കൾക്കും വേണ്ടതായ ബോധവൽക്കരണ സംവിധാനങ്ങൾ ഒരുക്കണം. പ്രാദേശിക തലങ്ങളിൽ ലഹരിക്കെതിരായ ജാഗ്രതാ സമിതികൾ ഉണ്ടാകണം. ഇതെല്ലാം യുദ്ധകാല അടിസ്ഥാനത്തിൽ അടിയന്തരമായി നടപ്പാക്കിയാൽ മാത്രമേ ഒരു വലിയ ആപത്തിൽ നിന്ന് കേരളത്തെ രക്ഷിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതിനായുള്ള കൂട്ടായ പരിശ്രമങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്ന് ഭാരതീയവിചാരകേന്ദ്രം ആഹ്വാനം ചെയ്യുന്നു.
ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം സി.കെ സുനിൽ കുമാർ അവതരിപ്പിച്ച പ്രമേയം രാമൻ കീഴന പിൻതാങ്ങി. സംസ്ഥാന സമിതി യോഗത്തിൽ പ്രസിഡന്റ് ഡോ.സി.വി. ജയമണി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ആർ. സഞ്ജയൻ, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ശ്രീ. ജെ. നന്ദകുമാർ, ഡോ.എൻ സന്തോഷ്കുമാർ, ഡോ. കെ.എൻ മധുസൂദനൻ പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സുധീർ ബാബു , സംഘടനാ സെക്രട്ടറി വി. മഹേഷ് തുടങ്ങിയവർ സംസാരിച്ചു.
Discussion about this post