കൊച്ചി: കുംഭമേള മാതൃകയില്‍ ഭാരതത്തിലെ മുഴുവന്‍ സംന്യാസി പരമ്പരകളെയും കൂട്ടിച്ചേര്‍ത്ത് ദക്ഷിണഭാരതത്തില്‍ സംന്യാസി സംഗമം സംഘടിപ്പിക്കുമെന്ന് ജൂന അഖാഡ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി സ്വാമി. കുംഭമേളകള്‍ ആചാരപരമായിട്ടാണ് സംഘടിപ്പിക്കുന്നത്. എന്നാല്‍ നിശ്ചിത ഇടവേളകളില്‍ കുംഭമേളകളെ പോലെ തന്നെ ഭാരതത്തിലെ മുഴുവന്‍ പരമ്പരകളുടെയും കൂടിച്ചേരലാണ് ലക്ഷ്യമിടുന്നതെന്നും സ്വാമി പറഞ്ഞു. കുംഭമേളയ്‌ക്ക് ശേഷം വാരാണസിയില്‍ നിന്നും കാലടി ശ്രീശങ്കര ജന്മഭൂമിയിലെത്തിയ മഹാമണ്ഡലേശ്വര്‍ ‘ജന്മഭൂമിക്ക്’ നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. കുംഭമേളയില്‍ വസന്തപഞ്ചമി കഴിഞ്ഞാല്‍ 41 ദിവസം വാരാണസിയില്‍ പ്രവാസം വേണം. അതിനുശേഷമാണ് കാലടിയിലെത്തിയത്.
അഖാഡകളുടെ നേതൃത്വത്തിലായിരിക്കും സംന്യാസി സംഗമം. കേരളത്തിലോ തൊട്ടടുത്ത സംസ്ഥാനങ്ങളിലോ നടത്തുവാനാണ് ആലോചിക്കുന്നത്. ശങ്കര ജന്മഭൂമി കേന്ദ്രമാക്കി ദക്ഷിണ ഭാരതത്തിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നത്. ഹിന്ദുസമാജം ദുര്‍ബലമായിരിക്കുന്ന അവസ്ഥയുണ്ട്. ധാര്‍മികതയുടെ അടിത്തറയില്‍ ശക്തമായ ഹിന്ദുസമാജത്തെ കെട്ടിപ്പടുക്കാനുള്ള പരിശ്രമമാണ് സംന്യാസിമാരുടെ നേതൃത്വത്തില്‍ ലക്ഷ്യമിടുന്നത്.
പ്രയാഗ്‌രാജിലെ മഹാകുംഭമേള ഹിന്ദുധര്‍മത്തിന്റെ വിരാട സ്വരൂപത്തിന്റെ ദര്‍ശനമായിരുന്നു. എത്രത്തോളം കരുത്തുറ്റതാണീ ധര്‍മമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നതായിരുന്നു കുംഭമേള. അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്ന് ഒരു കോടിയിലേറെയാളുകളും ജനസംഖ്യയുടെ പകുതിയോളം ഭാരതീയരും കുംഭമേളയില്‍ പങ്കെടുത്തു. മലയാളികളെ സംബന്ധിച്ചിടത്തോളം മാറ്റത്തിന് തുടക്കം കുറിച്ച കുംഭമേളയായിരുന്നു ഇത്. മുന്‍ കുംഭമേളകളില്‍ കേരളത്തില്‍ നിന്ന് ആയിരത്തില്‍ താഴെയാളുകളാണ് പങ്കെടുത്തിരുന്നെങ്കില്‍ മഹാകുംഭമേളയില്‍ ത്യാഗങ്ങള്‍ സഹിച്ച് രണ്ടര ലക്ഷം ഭക്തരാണ് പുണ്യം തേടിയെത്തിയത്. മാറ്റത്തിന്റെ ദിശാസൂചകമാണിത്.
ശങ്കര ജന്മഭൂമിയില്‍ നിന്ന് സംന്യാസി സമ്പ്രദായത്തെ പുനഃസ്ഥാപനം ചെയ്ത ഒരു മഹാമണ്ഡലേശ്വര്‍ കുംഭമേളയില്‍ നയിക്കാന്‍ വേണമെന്ന അഖാഡകളുടെ തീരുമാനത്തെത്തുടര്‍ന്നാണ് ഏറ്റവും പുരാതനമായ ജൂന അഖാഡയുടെ മഹാമണ്ഡലേശ്വര്‍ സ്ഥാനത്തേക്ക് തന്നെ നിയോഗിച്ചതെന്നും സ്വാമി പറഞ്ഞു. അഖാഡകളെ നേതൃത്വപരമായി, പാരമ്പര്യമായി ധാര്‍മിക ഉപദേശം നല്കുക എന്നതാണ് മഹാമണ്ഡലേശ്വരന്മാരുടെ കര്‍ത്തവ്യം. ദക്ഷിണ ഭാരതത്തിലും അഖാഡകളുടെ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. സംന്യാസിമാരുടെ നേതൃത്വത്തില്‍ സാമാജിക പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നതെന്നും മഹാമണ്ഡലേശ്വര്‍ പറഞ്ഞു.
Discussion about this post