തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയില്‍പാത നിര്‍മിക്കുന്നതിന് അനുമതി. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെആര്‍സിഎല്‍) തയാറാക്കിയ ഡിപിആറിന് മന്ത്രിസഭായോഗം അനുമതി നല്‍കി. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്. 2028 ഡിസംബറിന് മുമ്പ് റെയില്‍ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം. ജനവാസ മേഖലയെ ബാധിക്കാത്ത തരത്തില്‍ ടേബിള്‍ ടോപ്പ് രീതിയിലാണ് ഭൂഗര്‍ഭപാത നിര്‍മിക്കുന്നത്.
വിഴിഞ്ഞം കരിമ്പള്ളിക്കര ഭാഗത്തു നിന്നു തുടങ്ങി മുക്കോല വഴി ബാലരാമപുരം റെയില്‍വെ സ്റ്റേഷനുമായി പാതയെ ബന്ധിപ്പിക്കും. വിഴിഞ്ഞം തുറമുഖത്തിനായി വീതി കൂട്ടുന്ന വിഴിഞ്ഞം ബാലരാമപുരം റോഡിന് സമാന്തരമായാണ് റെയില്‍ പാത നിര്‍മാണം. പാതയ്‌ക്കായി അഞ്ച് ഹെക്ടറോളം ഭൂമി അധികമായി ഏറ്റെടുക്കേണ്ടി വരും. ന്യു ഓസ്ട്രിയന്‍ ടണലിങ് മെതേഡ് (എന്‍എടിഎം) എന്ന സാങ്കേതികവിദ്യയിലാണ് ഭൂഗര്‍ഭപാത നിര്‍മിക്കുന്നത്.
Discussion about this post