കൊച്ചി: സമൂഹത്തെ മാറ്റിമറിക്കുവാൻ സിനിമയ്ക്ക് സാധിക്കുമെന്നതിനാൽ വിവാദങ്ങളോടും നിഷേധാത്മകതയോടും സമൂഹത്തിനുള്ള ആഭിമുഖ്യത്തെ ചൂഷണം ചെയ്ത് ലാഭം ഉണ്ടാക്കാൻ ഉദ്യമിക്കുന്ന സിനിമകൾക്ക് മേൽ ആവിശ്യ നിയന്ത്രണം കൊണ്ടുവരുവാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കണമെന്ന് പ്രശസ്ത തിരക്കഥാകൃത്തും സിനിമ പ്രവർത്തകനുമായ ശ്രീകുമാർ അരൂക്കുറ്റി പറഞ്ഞു. തിര ഫിലിം ക്ലബ് കൊച്ചിയുടെ പ്രതിമാസ സിനിമ പ്രദർശനവും ചർച്ചയുമായ ‘സിനിമയിലെ വയലൻസ്; ആസ്വാദനവും സ്വാധീനവും’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയിലെ അക്രമരംഗങ്ങളുടെ ദൃശ്യാവിഷ്കരണം അതിൻറെ പാരമ്യത്തിൽ എത്തിയാൽ പിന്നീട് പ്രേക്ഷക മനസ്സുകളെ തൃപ്തിപ്പെടുത്തുവാൻ കൂടുതൽ ബീഭത്സമായ രംഗചിത്രീകരണത്തെപ്പറ്റി ആലോചിക്കേണ്ട സാഹചര്യം സംജാതമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന് അനുസ്മരണവും നടന്നു. തുടർന്ന് വയലൻസ് പ്രമേയമാക്കിയ ‘കിൽ’ എന്ന സിനിമയുടെ പ്രദർശനവും നടന്നു.
എറണാകുളം ടി. ഡി. റോഡിലുള്ള ലക്ഷ്മി ബായി ടവറിൽ നടന്ന പരിപാടിയിൽ തിര ഫിലിം ക്ലബ് കൊച്ചിയുടെ ഉപാധ്യക്ഷൻ മുരളീകൃഷ്ണൻ, സെക്രട്ടറി അഡ്വക്കേറ്റ് സജു, ട്രഷറർ കെ.എം ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
Discussion about this post