കോഴിക്കോട്: മുതിര്‍ന്ന ബിജെപി നേതാവ് അഹല്യാ ശങ്കര്‍(89) കോഴിക്കോട്ട് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
കോഴിക്കോട്ട് നടന്ന ജനസംഘം സമ്മേളനത്തിലൂടെ സജീവ രാഷ്‌ട്രീയ രംഗത്തെത്തിയ അഹല്യ ശങ്കര്‍ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ നിര്‍വ്വാഹക സമിതി അംഗം, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു.
1980ല്‍ മുംബൈയില്‍ നടന്ന ബിജെപി രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള വനിതാ പ്രതിനിധികളില്‍ ഒരാളായിരുന്നു അഹല്യാ ശങ്കര്‍. ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ എത്തിയ രണ്ടാമത്തെ വനിത. മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു. നിരവധി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. 1982ലും 1987ലും ബേപ്പൂരില്‍ നിന്നും 1996ല്‍ കൊയിലാണ്ടിയില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. 1989ലും 1991ലും മഞ്ചേരിയില്‍ നിന്നും 1997ല്‍ പൊന്നാനിയില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.
തലശ്ശേരി ന്യൂമാഹിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന കരിമ്പില്‍ കൃഷ്ണന്റെയും ദമയന്തിയുടെയും നാലാമത്തെ മകളായാണ് ജനനം. കോഴിക്കോട് വെള്ളയില്‍ നാലുകുടിപറമ്പ് പരേതനായ ശങ്കരന്‍ ആണ് ഭര്‍ത്താവ്.
അഹല്യാശങ്കര്‍ മലബാറിലെ ദേശീയപ്രസ്ഥാനങ്ങളുടെ പെണ്‍കരുത്ത്: കെ.സുരേന്ദ്രന്‍
മലബാറിലെ ദേശീയപ്രസ്ഥാനങ്ങളുടെ പെണ്‍കരുത്തായിരുന്നു അഹല്യശങ്കറെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അനുസ്മരിച്ചു. അവരുടെ വിയോഗം കേരളത്തിലെ ദേശീയപ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാഷ്‌ട്രീയ-വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായപ്പോള്‍ സമാധാനത്തിന്റെ സന്ദേശവുമായി എത്തിയ അവര്‍ കോഴിക്കോടിന്റെ ഹൃദയം കവര്‍ന്നിരുന്നു. നീതിനിഷേധത്തിനെതിരെ സമര പോരാട്ടം നടത്താന്‍ അഹല്യേടത്തി എന്നും മുമ്പില്‍ തന്നെയുണ്ടായിരുന്നു. അടിസ്ഥാന ജനവിഭാഗമായ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച അവര്‍ ആ വിഭാഗത്തിന്റെ ഉന്നമനത്തിനായി ജീവിതവസാനം വരെ പോരാടുകയും ചെയ്തു, കെ സുരേന്ദ്രന്‍ അനുസ്മരിച്ചു.
Discussion about this post