കോഴിക്കോട്: കേരളത്തില്‍ ആരോഗ്യമേഖലയില്‍ മാതൃകാപരമായ മുന്നേറ്റങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ചികിത്സാകേന്ദ്രങ്ങളുടെ വികേന്ദ്രീകരണം അനിവാര്യമാണെന്ന് കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘കേരളപഠനങ്ങള്‍’ പ്രഭാഷണ പരമ്പരയ്‌ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ കണ്ടെത്താനും റേഡിയേഷന്‍ പോലുള്ള ചികിത്സകള്‍ നടത്താനും ഇത്തരം രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, ചെറിയതും വികേന്ദ്രീകൃതവുമായ ചികിത്സാകേന്ദ്രങ്ങള്‍ക്ക് സാധിക്കും. അതിനായി വിദ്യാഭ്യാസ മേഖലയിലെന്ന പോലെ സര്‍ക്കാര്‍ എയ്ഡഡ് ക്ലിനിക്കുകള്‍ തുടങ്ങുന്നത് ഗുണകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏതുനിമിഷവും പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം നിലനിലനില്‍ക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. കൂടാതെ ജനസംഖ്യയുടെ അമ്പത് ശതമാനവും പ്രമേഹരോഗികളോ പ്രമേഹരോഗിയാവാന്‍ സാധ്യതയുള്ളവരോ ആയതിനാലും ഓരോ വര്‍ഷവും 35,000 പേര്‍ കാന്‍സര്‍ ബാധിതരാവുന്നതിനാലും കേരളത്തില്‍ ചികിത്സാ സംവിധാനങ്ങള്‍ കൂടുതല്‍ വികേന്ദ്രീകൃതമാവണം. വന്‍കിട ആശുപത്രികളിലെ ചികിത്സ ചെലവേറിയതാവുന്നത് സ്വാഭാവികമാണ്. അതിന് പരിഹാരമായി ചെറുകിട ആശുപത്രികള്‍ വികേന്ദ്രീകൃതമായി വ്യാപകമായി തുടങ്ങാന്‍ സാധിക്കണം. ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ എങ്ങനെ രോഗികള്‍ക്ക് കൊടുക്കാതിരിക്കാം എന്നാണ് ചിന്തിക്കുന്നത്. ഇവിടെയാണ് ആയുഷ്മാന്‍ ഭാരത് പോലുള്ള കേന്ദ്രസര്‍ക്കാരിന്റെ സ്‌കീമുകളുടെ പ്രസക്തി.
ആരോഗ്യ രംഗത്ത് കേരളത്തിന്റെ മുന്നേറ്റത്തില്‍ ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാന നായകരുടെ പങ്ക് വലുതാണ്. ശരീരശുദ്ധി, ഗൃഹശുദ്ധി തുടങ്ങിയ പഞ്ചശുദ്ധികളെക്കുറിച്ചുള്ള ഗുരുവിന്റെ ഉപദേശം കേരള ജനതയ്‌ക്കിടയില്‍ ആരോഗ്യാവബോധം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്. സ്ത്രീകള്‍ക്കിടയിലെ സാക്ഷരതയും കേരളത്തിന്റെ ആരോഗ്യ അവബോധത്തെ വളര്‍ത്തിയിട്ടുണ്ട്. എല്ലാ സമയത്തും വീട്ടിലുണ്ടാകുന്നവരും വീട്ടില്‍ ആര്‍ക്ക് അസുഖം വന്നാലും അറിയുകയും ഇടപെടുകയും ചെയ്യുന്നവര്‍ എന്ന നിലയിലും സ്ത്രീകള്‍ സാക്ഷരരായതിലൂടെ അവരുടെ അവബോധം ആരോഗ്യമേഖലയ്‌ക്ക് ഗുണം ചെയ്‌തെന്നും ഡോ. മോഹനനന്‍ കുന്നുമ്മല്‍ പറഞ്ഞു. ഡോ. കെ. മാധവന്‍കുട്ടി അനുസ്മരണ പ്രഭാഷണം ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ പ്രൊഫ. കെ.പി. സോമശേഖരന്‍ നിര്‍വഹിച്ചു. വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അധ്യക്ഷനായി.
ഡോ. കെ. മാധവന്‍കുട്ടിയുടെ മകന്‍ സി. ജയറാം സംസാരിച്ചു. വിചാരകേന്ദ്രം ജില്ല പ്രസിഡന്റ് ടി.കെ. പത്മജന്‍ സ്വാഗതവും സെക്രട്ടറി എ. അനിരുദ്ധന്‍ നന്ദിയും പറഞ്ഞു.
Discussion about this post