കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള ഗൂഢനീക്കത്തില്‍ നിന്ന് ഇടതുപക്ഷ സര്‍ക്കാര്‍ പിന്മാറണമെന്ന് ബിഎംഎസ് ദക്ഷിണ ക്ഷേത്ര സഹസംഘടനാ സെക്രട്ടറി എം.പി. രാജീവന്‍. എറണാകുളം ബിഎംഎസ് തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തില്‍ നടന്ന കേരള വൈദ്യുതി മസ്ദൂര്‍ സംഘ് സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച ‘നവ കേരളത്തിന് പുതുവഴികള്‍’ എന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണത്തിനു വേണ്ടിയുള്ള നയപ്രഖ്യാപനമാണ്. കേരളത്തിന്റെ അഭിമാനമായ കെഎസ്ഇബിയെ സ്വകാര്യവല്‍ക്കരിച്ച് കുത്തകകള്‍ക്ക് തീറെഴുതാനുള്ള ആസൂത്രിത നീക്കം അണിയറയില്‍ നടക്കുകയാണ്.
ഇതിന്റെ ആദ്യപടിയാണ് മണിയാര്‍ പദ്ധതിയുടെ കരാര്‍ 25 വര്‍ഷത്തേക്ക് കൂടി കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡിന് നീട്ടി നല്കാനുള്ള സര്‍ക്കാര്‍ നടപടി. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നിഷേധിച്ചും ജീവനക്കാരെ വെട്ടിക്കുറച്ചും തൊഴിലാളികളെ മാനസികസമ്മര്‍ദത്തിലേക്കും അപകടമരണങ്ങളിലേക്കും തള്ളിവിടുകയാണ്. കെഎസ്ഇബിയില്‍ നടക്കുന്ന ഇത്തരം തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ ബിഎംഎസ് ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കെഎസ്ഇബിയില്‍ ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തണമെന്ന് അഖില ഭാരതീയ വിദ്യുത് മസ്ദൂര്‍ മഹാസംഘ് ദേശീയ സെക്രട്ടറി ഡി. രാജ്മുരുകന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ കെവിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.വി. മധുകുമാര്‍ അധ്യക്ഷനായി.
കെവിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പി.പി. സജീവ് കുമാര്‍, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത്, കെവിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരീഷ് കുളത്തൂര്‍, ഖജാന്‍ജി പി.എസ്. മനോജ് എന്നിവര്‍ സംസാരിച്ചു.
ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ് സമാപന പ്രഭാഷണം നടത്തി. കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അരുണ്‍കുമാര്‍, കെവിഎംഎസ് സംസ്ഥാന സെക്രട്ടറി എം. രാജേഷ് എന്നിവര്‍ സംസാരിച്ചു.
Discussion about this post