തിരുവനന്തപുരം: അമ്പലങ്ങള്‍ മികച്ച സാംസ്‌കാരിക കേന്ദ്രങ്ങളായി മാറണമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി പറഞ്ഞു. കരമന പള്ളിത്താനം മണ്ണടി ശ്രീ ഭഗവതി മഹാദേവര്‍ ക്ഷേത്രത്തിലെ മീനതിരുവാതിര ഉത്സവാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. വര്‍ധിച്ച് വരുന്ന അക്രമോത്സുകതയും ലഹരി ഉപഭോഗവും കുടുംബചിദ്രങ്ങളും വിവാഹമോചനങ്ങളും ആത്മഹത്യാ പ്രവണതയുമൊക്കെ വിരല്‍ ചൂണ്ടുന്നത് സമൂഹത്തിലുണ്ടായിരിക്കുന്ന മൂല്യച്യുതിയിലേക്കാണ്. നമ്മുടെ സാംസ്‌കാരിക മൂല്യങ്ങളെ പരിത്യജിച്ചതും വൈദേശിക സാംസ്‌കാരിക അധിനിവേശത്തിന് വഴിപ്പെട്ടതുമാണ് ഈ അവസ്ഥയ്‌ക്ക് കാരണം. ഇതിന് പരിഹാരം കാണാന്‍ ക്ഷേത്രങ്ങളെ സാംസ്‌കാരിക കേന്ദ്രങ്ങളും കൂടിയാക്കി വിശ്വാസി സമൂഹത്തെ മൂല്യച്യുതികളില്‍ നിന്ന് കൈപിടിച്ചുയര്‍ത്താനാകാണമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.ഷാജി സദാശിവന്‍ തമ്പി അധ്യക്ഷനായി. സെക്രട്ടറി എല്‍.വി.ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ കരമന അജിത്ത്, ബിന്ദു മേനോന്‍, മുന്‍ കൗണ്‍സിലര്‍ പുഷ്പലത, കരമന എന്‍എസ്എസ് കരയോഗം പ്രസിഡന്റ് എസ്.ഉപേന്ദ്രന്‍ നായര്‍, സെക്രട്ടറി എ.സതീഷ്‌കുമാര്‍, ഉത്സവകമ്മിറ്റി ചെയര്‍മാന്‍ ആര്‍.പി.നായര്‍ എന്നിവര്‍ സംസാരിച്ചു. നിര്‍മ്മാണം ആരംഭിക്കുന്ന ഭദ്രകാളി ക്ഷേത്രത്തിന്റെ ധനസമാഹരണം പി.ബിജുകുമാര്‍, സിന്ധു ബിജു കുമാര്‍ എന്നിവരില്‍നിന്നും ഒരു ലക്ഷം രൂപ സ്വീകരിച്ച് കൊണ്ട് മുന്‍ പ്രസിഡന്റ് പി. രാജശേഖരന്‍ നായരും, വികസന സമിതി ജനറല്‍ കണ്‍വീനര്‍ ബി.അനില്‍കുമാറും ചേര്‍ന്ന് ഏറ്റുവാങ്ങി തുടക്കം കുറിച്ചു.
Discussion about this post