പാലക്കാട്: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള വൈചാരിക സദസിന് തുടക്കമായി. കോട്ടമൈതാനത്ത് നടന്ന സദസ് പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളെ നേര്‍വഴിക്ക് നയിക്കാന്‍ ശ്രമിച്ചാല്‍ അധ്യാപകസമൂഹത്തിന് ഇന്ന് നിയമനടപടികള്‍ നേരിടേണ്ട അവസ്ഥയാണുള്ളതെന്ന് പാലക്കാട് ഗവ. വിക്ടോറിയ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രൊഫ. ടി.എന്‍. സരസു പറഞ്ഞു. ‘വഴി തെറ്റുന്ന കേരളം ദിശതെറ്റുന്ന യുവത’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും അറിഞ്ഞുള്ള വീഴ്ച ലഹരിവ്യാപനത്തിലേക്ക് വഴിതെളിക്കുന്നു. കോളേജില്‍ പഠിപ്പിക്കുമ്പോഴും ലഹരി ഉപയോഗം പിടികൂടിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. മക്കള്‍ ചോദിക്കുന്നത് വാങ്ങിക്കൊടുക്കുകയെന്നതല്ലാതെ രക്ഷിതാക്കള്‍ മറ്റൊന്നും അവരോട് ചോദിക്കാന്‍ പാടില്ലെന്ന സ്ഥിതിയാണ്. വീട്ടിലെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞുവേണം മക്കളെ വളര്‍ത്താനെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കേരളം ലഹരിയുടെ ഹബ്ബായി മാറിയെന്ന് ഹൈക്കോടതി സെന്‍ട്രല്‍ ഗവ. കൗണ്‍സില്‍ അഡ്വ. ടി.പി. സിന്ധുമോള്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന് മറ്റുമാനങ്ങള്‍ നല്‍കി അവതരിപ്പിക്കുന്നവരാണ് ഇടതുപക്ഷം. സദാചാരമൂല്യങ്ങളെന്നു പറഞ്ഞാല്‍ അറയ്‌ക്കുന്ന എന്തോ ആണെന്ന തരത്തിലാണ് ഇവര്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത്. മക്കളെ സംസ്‌കാരവും മൂല്യങ്ങളും പറഞ്ഞുവേണം വളര്‍ത്താനെന്ന് സിന്ധുമോള്‍ പറഞ്ഞു.
ഗവ. വിക്ടോറിയ കോളേജ് റിട്ട. പ്രൊഫ. ശോഭാറാണി അധ്യക്ഷത വഹിച്ചു. മഹിളാഐക്യവേദി ജില്ലാ അധ്യക്ഷ ഡോ. സൗദാമിനി മേനോന്‍, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പ്രേമാചന്ദ്രന്‍, കുമാരി സമിതി ജില്ലാ സഹസംയോജക ബി. അമൃത ബാബു സംസാരിച്ചു. ഹിന്ദുഐക്യവേദി ജില്ലാ അധ്യക്ഷന്‍ ജി. മധുസൂദനന്‍, സംഘാടകസമിതി ചെയര്‍മാന്‍ ഡോ. ആര്‍. പാര്‍ത്ഥസാരഥി പങ്കെടുത്തു.
ഇന്ന് വൈകിട്ട് 5.30ന് കോട്ടമൈതാനത്ത് ‘അപകടകരമായ ആഭ്യന്തര സുരക്ഷ’ എന്ന വിഷയത്തിലുള്ള സദസ് മനോമിത്ര മാനേജിങ് ഡയറക്ടര്‍ ഡോ. സി.ഡി. പ്രേമദാസന്‍ ഉദ്ഘാടനം ചെയ്യും. സാമൂഹ്യനിരീക്ഷകന്‍ എ.പി. അഹമ്മദ്, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു എന്നിവര്‍ വിഷയാവതരണം നടത്തും.
മൂന്നിന് വൈകിട്ട് 5.30ന് നടക്കുന്ന ‘സനാതനമായ സനാതനധര്‍മം’ എന്ന വിഷയത്തിലുള്ള വൈചാരിക സദസ് ഓലശ്ശേരി ദയാനന്ദാശ്രമം സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ഭാഷാസമിതി അംഗം ഡോ. എം.വി. നടേശന്‍, കുരുക്ഷേത്ര പ്രകാശന്‍ എംഡി കാ.ഭാ. സുരേന്ദ്രന്‍ സംസാരിക്കും.
Discussion about this post