പാറശ്ശാല: സന്യാസിവര്യൻമാർക്ക് ജന്മം നൽകിയ മണ്ണിൽ ലഹരിയുടെ വ്യാപനം വർദ്ധിക്കുന്നത് ദുഖകരമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഏതെങ്കിലും സംഭവത്തിന്റെ പശ്ചാത്തലത്തിലെടുക്കുന്ന നടപടികളിൽ ഒതുങ്ങാതെ ലഹരി മാഫിയയുടെ വേരറുക്കുന്ന സ്ഥിരം സംവിധാനമൊരുക്കാൻ ഭരണകൂടത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി വിരുദ്ധ സന്ദേശമുയത്തി ജന്മഭൂമിയുടെ അൻപതാമത് വാർഷികത്തോടനുബന്ധിച്ച് നടത്തിയ ജന ജാഗ്രതാ യാത്രയ്ക്ക് തുടക്കം കുറിച്ച് പാറശ്ശാല ജംഗ്ഷനിൽ നടന്ന ജാഗ്രതാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. അസമത്വങ്ങൾക്കും സമൂഹത്തിലെ ജീർണതകൾക്കുമെതിരെ എക്കാലത്തും പടപൊരുതിയ പാരമ്പര്യമാണ് ജന്മഭൂമിക്കുള്ളത്. ലഹരി വ്യാപനത്തിനെതിരെ എല്ലാപേരും ഒന്നിക്കേണ്ട കാലഘട്ടമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
കുട്ടികൾ പുറത്തിറങ്ങിയാൽ വീട്ടിലെത്തുന്നതു വരെ രക്ഷിതാക്കളുടെ നെഞ്ചിൽ തീയാണ്. യുപി സ്കൂൾ വിദ്യാർത്ഥികൾ വരെ ലഹരിയ്ക്കടിമകളായി അക്രമികളായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. വെഞ്ഞാറമൂട് കൊലപാതകമുൾപ്പെടെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് നമ്മുടെ നാട്ടിലുണ്ടായിട്ടുള്ളത്. രാസ ലഹരി ഏത് സ്കൂൾ പരിസരത്തും ലഭ്യമാക്കുന്ന അവസ്ഥയാണിന്ന്. ഭരണകൂടം ഏതെങ്കിലും സംഭവത്തിന്റെ പശ്ചാത്തലത്തിലെടുക്കുന്ന നടപടികളിൽ ഒതുങ്ങാതെ ലഹരി മാഫിയയുടെ വേരറുക്കുന്ന സ്ഥിരം സംവിധാനമൊരുക്കണം.
ലഹരി മൊത്തക്കച്ചവടക്കാരെയാണ് പിടികൂടേണ്ടത്. എന്നാൽ ഇടനിലക്കാരായ കുട്ടികളാണ് പിടിയിലാകുന്നത്. ഉന്നതരായവരുമായി ബസപ്പെട്ട കേസുകളിൽ അന്വേഷണം നടക്കുന്നില്ല. കൊച്ചിയിൽ നടന്ന ലഹരിപ്പാർട്ടികളിൽ പ്രതികളെ പിടികൂടാൻ ഒരു നടപടിയുമുണ്ടായില്ല. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളുടെ സഹായം ലഹരി സംഘങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഇത് അപകടകരമാണ്. പെൺകുട്ടികൾ പോലും ലഹരിയ്ക്കടിമകളാകുന്നുവെന്നത് ഭയപ്പെടുത്തുന്നതാണ്. ലഹരി ഉപയോഗിക്കുന്ന വിൽ പകുതിയോളം പെൺകുട്ടികളുമാണ്.
കലാലയങ്ങളിൽ ലഹരി വ്യാപകമാകുന്നു. കളമശേരി കോളേജിൽ ലഹരി പിടികൂടിയപ്പോൾ പ്രധാനാധ്യാപകൻ പറഞ്ഞത് ഇത് ആഘോഷസമയങ്ങളിൽ മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ലഹരി ഒഴുക്കിനെതിരെ സംഘടിക്കണം. ശ്രദ്ധേയമായ പ്രസ്താവനയാണ് കെ.ടി ജലീലിൻ്റേത്. മത വിദ്യാഭ്യാസം നേടിയവർ കൂടുതലായി മയക്കുമരുന്നിനടിപ്പെടുന്നുവെന്നത് പരിശോധിക്കേണ്ടതാണ്. കുടുംബങ്ങളിൽ നിന്ന് കുടുംബങ്ങളിലേക്ക് ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേയ്ക്ക് ലഹരി സന്ദേശ മെത്തണം.
ലഹരി തീവ്രവാദം ലോകം മുഴുവൻ വ്യാപിക്കുന്ന സാഹചര്യത്തിൽ ഭരണ കർത്താക്കൾ നടപടികളുമായി മുന്നിട്ടിറങ്ങാൻ ജന്മഭൂമി മുന്നോട്ടുവയ്ക്കുന്ന സന്ദേശം ഏറ്റെടുക്കണെമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Discussion about this post