തിരുവനന്തപുരം: സക്ഷമയുടെ നേതൃത്വത്തിലുള്ള ഓട്ടിസം ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ബഹുമാനപ്പെട്ട കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വ്വഹിച്ചു. രാജ്ഭവനില്‍ എത്തിച്ചേര്‍ന്ന ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടുന്ന സംഘത്തെ ഗവര്‍ണര്‍ സ്വാഗതം ചെയ്തു. ഓട്ടിസം ദിനാചരണം പോലുള്ള പരിപാടികള്‍ നാം നടത്തുന്നത് ദിവ്യാംഗര്‍ക്ക് വേണ്ടിയല്ല, നമ്മുടെ കടമകളെപ്പറ്റി നമ്മെതന്നെ ഓര്‍മ്മിപ്പിക്കാനാണ്. അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കു വേണ്ടി ഗോവയില്‍ താന്‍ നടത്തുന്ന സ്ഥാപനത്തെ പറ്റി ഗവര്‍ണര്‍ തന്റെ സന്ദേശത്തില്‍ പരാമര്‍ശിച്ചു. അറുപതോളം പേര്‍ അവിടെയുണ്ട്. ഇന്ന് രാവിലെയും താന്‍ അവരോട് കുശലാന്വേഷണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ താന്‍ സന്ദര്‍ശിച്ച മസ്ക്കുലാര്‍ ഡിസ്ട്രോഫി സ്ഥാപനത്തെ പറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ച കാര്യം അദ്ദേഹം പറഞ്ഞു. അതില്‍ വളരെ താത്പര്യം പ്രകടിപ്പിച്ച പ്രധാനമന്ത്രി തൊട്ടടുത്ത മന്‍ കീ ബാത്തില്‍ ആ സ്ഥാപനത്തെ പറ്റി പരാമര്‍ശിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സക്ഷമ സംസ്ഥാന സെക്രട്ടറി ഓ ആര്‍ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ഷിജി ജി എസ് സ്വാഗതം ആശംസിച്ചു. ദിവ്യാംഗരായ അനന്യ, ഭവ്യശ്രീ, ഐശ്വര്യ എസ് നായര്‍, ജ്യോതിഷ് എന്നിവര്‍ അവതരിപ്പിച്ച കലാ പ്രകടനം ഗവര്‍ണറും സംഘവും ആസ്വദിച്ചു. രാജ്ഭവനില്‍ അതിഥികളായി എത്തിയ കുട്ടികള്‍ക്ക് സമ്മാനങ്ങളും മധുരവും നല്‍കിയാണ് അദ്ദേഹം മടക്കി അയച്ചത്.
തിരുവനന്തപുരം താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ ആറ്റുകാല്‍ ദേവീ ഹോസ്പിറ്റലുമായി ചേര്‍ന്ന് സക്ഷമ സംഘടിപ്പിച്ച രണ്ടാമത്തെ പരിപാടിയില്‍ ചിത്ര രചനയും കലാ പരിപാടികളും അരങ്ങേറി. തുടര്‍ന്ന് രണ്ടു ഗ്രൂപ്പുകളും വേളി ടൂറിസ്റ്റ് വില്ലേജിലേക്ക് ഉല്ലാസയാത്ര നടത്തി. നെയ്യാറ്റിന്‍കര താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ മുപ്പതംഗ സംഘം കോവളത്തേക്ക് ഉല്ലാസ യാത്ര നടത്തി.
Discussion about this post