കരുനാഗപ്പള്ളി: സംസ്‌കാരത്തിന് അപചയം സംഭവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ സന്ദേശവാഹകരായി കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരണമെന്നും അതിന് ബാലഗോകുലം വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും പുതിയകാവ് അമൃത വിദ്യാലയ പ്രിന്‍സിപ്പല്‍ സ്വാമിനി ചരണാമൃതപ്രാണ. പുതിയകാവ് അമൃത വിദ്യാലയത്തില്‍ നടക്കുന്ന ബാലഗോകുലം ഭഗിനി ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ചരണാമൃത.
മറ്റ് രാജ്യങ്ങളിലുള്‍പ്പെടെ പാഠ്യപദ്ധതികളില്‍ ഭാരത-ഇതിഹാസങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പലയിടത്തും ഇതിന് വിലക്കാണ്. ശ്രീരാമചന്ദ്രനെ അല്ല, രാവണനെയാണ് പുതുതലമുറ പിന്തുടരുന്നത്. ഗുരുക്കന്മാരെ ആദരിക്കാനും ഗുരുവചനം അനുസരിച്ച് ജീവിക്കാനും കുട്ടികളെ പഠിപ്പിക്കണം. ക്ഷേത്രങ്ങള്‍ സാധനാ കേന്ദ്രങ്ങളായി മാറണം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മൂല്യബോധമുള്ള ക്ലാസുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ കഴിയണം. ഉജ്ജ്വലബാല്യം-ഉദാത്തലക്ഷ്യം എന്ന ലക്ഷ്യം സാധൂകരിക്കാന്‍ ബാലഗോകുലം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്തിക്കാന്‍ കഴിയണമെന്ന് സ്വാമിനി ചരണാമൃത പറഞ്ഞു.
ദക്ഷിണ കേരള ഭഗിനിപ്രമുഖ് ആര്‍.കെ. രമാദേവി അദ്ധ്യക്ഷയായി. ബാലഗോകുലം കേരള കാര്യദര്‍ശി വി. ഹരി, ദക്ഷിണ കേരള കാര്യദര്‍ശി രാമചന്ദ്രന്‍, സെക്കോളജിസ്റ്റ് ഡോ. എസ്. ദേവിരാജ്, എല്‍. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു. ബാലമിത്രം ശില്‍പശാല അമൃതാനന്ദമയിമഠം സ്വാമി ആദിദേവാമൃത ചൈതന്യ ഉദ്ഘാടനം നിര്‍വഹിച്ചു. വലിയ കൂനമ്പായിക്കുളം കോളജ് ഓഫ് എഞ്ചിനിയറിങ്ങ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. എസ്. സുജിത്ത്, ബാലഗോകുലം കേരള കാര്യദര്‍ശി വി.ജെ. രാജ്‌മോഹന്‍, പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനതലത്തില്‍ നടത്തിയിരുന്ന ശില്‍പശാല ഈ വര്‍ഷം കരുനാഗപ്പള്ളിയിലും താനൂരുമായി രണ്ട് ഭാഗങ്ങളിലായിട്ടാണ് നടത്തുന്നത്. രണ്ടിടങ്ങളിലുമായി ആയിരത്തിലധികം ശിക്ഷാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ശില്‍പശാല 12ന് സമാപിക്കും.
Discussion about this post