കൊച്ചി: പഹൽഗാമിന് ശേഷം ഭാരതം പ്രകടമാക്കിയത് ആത്മനിർഭരതയുടെ ബലമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. ചരിത്രത്തിലൊരിക്കലും ഭാരതം ഒരു രാജ്യത്തേയും അങ്ങോട്ട് കയറി ആക്രമിപ്പിട്ടില്ല. ഋഷി ദർശനത്തിൻ്റെ അടിസ്ഥാനത്തിലാണ് നമ്മുടെ നാട് മുന്നോട്ട് പോകുന്നത്. പക്ഷേ ദുർബലൻ എന്ന് ഒരു രാജ്യവും കരുതരുതെന്നും അദ്ദേഹം പറഞ്ഞു. വിശ്വസംവാദകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന നാരദ ജയന്തി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017 മുതൽ ഭാരതത്തിൻ്റെ ഉയർന്ന ആത്മ വീര്യം നമുക്ക് ദർശിക്കാൻ കഴിയും. ആത്മനിർഭർ ഭാരത് എന്ന ആശയമാണ് പഹൽഗാമിനു ശേഷം നടന്ന ഭാരതത്തിൻ്റെ തിരിച്ചടിയിൽ പ്രകടമാവുന്നത്. സ്വന്തം കാലിൽ നിൽക്കാനുള്ള നമ്മുടെ ശേഷിയെ ഉയർത്തിക്കാട്ടുകയായിരുന്നു അത്.
മാധ്യമപ്രവർത്തന രംഗത്ത് ഇന്ന് പൊതുവേ ഒരു വിശ്വാസത്തകർച്ച സംഭവിച്ചിട്ടുണ്ടെന്ന് സഞ്ജയൻ പറഞ്ഞു. മാധ്യമങ്ങളിൽ നിരുത്തരവാദപരമായ വാർത്തകൾ വരുന്നു. മാധ്യമ ധർമ്മം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എഴുത്തുകാരൻ കെ. എൽ. മോഹനവർമ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാധ്യമ പ്രവർത്തന രംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന വിശ്വസംവാദകേന്ദ്രം അദ്ധ്യക്ഷൻ എം. രാജശേഖരപ്പണിക്കരെ ആദരിച്ചു. വായുജിത്ത് രാജശേഖരപ്പണിക്കരെ പരിചയപ്പെടുത്തി. കെ എൽ മോഹനവർമ പ്രൊഫ എം പി മന്മഥൻ അനുസ്മരണം നടത്തി. പ്രഭാഷകൻ, കഥാപ്രസംഗകൻ, അദ്ധ്യാപകൻ, സർവോദയ പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ പ്രതിഭയായിരുന്നു പ്രൊഫ മന്മഥൻ എന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. എം.പി. മന്മഥൻ സ്മാരക മാധ്യമപുരസ്കാരം 24 ന്യൂസിലെ നിതിൻ അംബുജനും ന്യൂ ഇന്ത്യൻ പ്രക്സ്പ്രസിലെ അബ്ദുൾ നാസർ എം. എയ്ക്കും സമ്മാനിച്ചു. മുതിർന്ന പത്രപ്രവർത്തകൻ എം.വി. ബെന്നി, ഓർഗനൈസർ കേരള ലേഖകൻ ടി. സതീശൻ എന്നിവർ ആശംസകൾ നേർന്നു.









Discussion about this post