ആലപ്പുഴ: മാധ്യമങ്ങള്‍ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ വീക്ഷണത്തിന് പ്രാധാന്യം നല്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ശരിയായ ആശയ പ്രചാരണത്തിലൂടെ കേരളത്തെയും ദേശീയധാരയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും രാജ്യസഭാ എംപി സി. സദാനന്ദന്‍ മാസ്റ്റര്‍. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ക്സിയന്‍, മാമൂദിയന്‍, നെഹ്റുവിയന്‍ ആശയധാരകളുടെ ദു:സ്വാധീനം കേരളത്തിലെ വൈചാരികമേഖലയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. മനുഷ്യത്വം, സഹാനുഭൂതി, മാനവികത ആശയങ്ങള്‍ എന്നു തെറ്റിദ്ധരിച്ചാണ് പകരും ഇതില്‍പ്പെട്ടുപോകുന്നത്. ഇതിനെ നാം കരുതലോടെ കാണണം.
ഭാരതത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം ലഭിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രാജ്യത്താകെ നടക്കുന്ന വിപ്ലവകരമായ നവീകരണം എന്തുകൊണ്ട് കേരളത്തില്‍ നടക്കുന്നില്ല എന്നു നാം ചിന്തിക്കണം. ഇതിന് മാറ്റം വരണം. ദേശീയധാരയിലേക്ക് കേരളത്തെ എത്തിക്കുന്നതിന് ജന്മഭൂമിയെ ശക്തിപ്പെടുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്. മലയാളിയുടെ ദേശീയബോധത്തെ രൂപപ്പെടുത്താന്‍, കേരളക്കരയില്‍ ഉജ്വലമായ ദേശീയ സംസ്‌കൃതിയുടെ ആവിഷ്‌ക്കാരം സാധ്യമാക്കാന്‍, അക്ഷരങ്ങളെ കൂട്ടുപിടിച്ച് ഉജ്വല പ്രവര്‍ത്തനമാണ് ജന്മഭൂമി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗാനരചയിതാവും സ്വാഗതസംഘം ചെയര്‍മാനുമായ രാജീവ് ആലുങ്കല്‍ അധ്യക്ഷത വഹിച്ചു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ ആമുഖപ്രഭാഷണവും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ആശംസാ പ്രസംഗവും നടത്തി. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ ആര്‍. രുദ്രന്‍ സ്വാഗതം ആശംസിച്ചു. ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ഡെ. ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ്, സര്‍ക്കുലേഷന്‍ മാനേജര്‍ പ്രസാദ് ബാബു, മാര്‍ക്കറ്റിങ് മാനേജര്‍ ജോണ്‍ കോര, യൂണിറ്റ് മാനേജര്‍ എ.സി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Discussion about this post