ന്യൂദല്‍ഹി: ഭാരതത്തെ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കേണ്ടതില്ലെന്നും ഭാരതം ഇതിനകം ഹിന്ദുരാഷ്‌ട്രമാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഋഷിമാരും മുനിമാരും ഭാരതത്തെ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിച്ചതാണ്. അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല. അത് ഒരു സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
അഖണ്ഡഭാരതം ഒരു വസ്തുതയാണ്, സര്‍സംഘചാലക് പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച ‘നൂറ് വര്‍ഷത്തെ സംഘയാത്ര: പുതിയ ചക്രവാളങ്ങള്‍’ എന്ന സംവാദ പരമ്പരയുടെ സമാപന ദിവസം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യ, കാശി, മഥുര എന്നീ പുണ്യസങ്കേതങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അയോദ്ധ്യ വീണ്ടെടുക്കല്‍ പ്രസ്ഥാനത്തില്‍ സംഘം ഭാഗമായി, പൂര്‍ണമായി പങ്കെടുത്തു. എന്നാല്‍ മറ്റ് രണ്ട് പ്രസ്ഥാനങ്ങളില്‍ സംഘം നേരിട്ട് ഭാഗമാകില്ല. സ്വയംസേവകര്‍ക്ക് അത്തരം പ്രസ്ഥാനങ്ങളില്‍ പങ്കെടുക്കാം. കാശിയോടും മഥുരയോടുമുള്ള ഹിന്ദു സമൂഹത്തിന്റെ വൈകാരിക അടുപ്പം എല്ലാവരും മനസിലാക്കണം, സര്‍സംഘചാലക് പറഞ്ഞു.
എല്ലാ ഭാരതീയ ഭാഷകളും ദേശീയ ഭാഷകളാണ്. ഭാഷയുടെ പേരിലുള്ള തര്‍ക്കങ്ങള്‍ ആളുകളെ ഭിന്നിപ്പിക്കരുത്. ഏതെങ്കിലും വിദേശ ഭാഷയെ ആശ്രയിക്കുന്നതിനുപകരം ആശയവിനിമയത്തിനായി ഒരു ഭാരതീയ ഭാഷയ്‌ക്ക് മുന്‍ഗണന നല്‍കണം. രാജ്യത്തിന്റെ ഭാഷാ വൈവിധ്യം അതിന്റെ ഏറ്റവും വലിയ ശക്തികളില്‍ ഒന്നാണ്. ഒരു ഭാഷയെ മറ്റൊന്നിനെതിരെ ഉയര്‍ത്തുന്ന വിഭജന പ്രവണതകള്‍ നല്ലതല്ല, അത്തരം സംഘര്‍ഷങ്ങള്‍ ദേശീയ ഐക്യത്തെ ദുര്‍ബലപ്പെടുത്തും. ജാതി വ്യവസ്ഥ കാലഹരണപ്പെട്ടതാണെന്നും അത് അവസാനിപ്പിക്കേണ്ടതാണെന്നും സര്‍സംഘചാലക് വ്യക്തമാക്കി.
അന്താരാഷ്‌ട്ര വ്യാപാരം ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദത്തിലാവരുതെന്ന് സര്‍സംഘചാലക് ചോദ്യത്തിന് മറുപടി നല്‍കി. അന്താരാഷ്‌ട്ര വ്യാപാരം അത്യാവശ്യമാണ്, അത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നു. എന്നാല്‍ അത് സമ്മര്‍ദത്തിലാകരുത്, സമ്മര്‍ദത്തില്‍ സൗഹൃദം അഭിവൃദ്ധിപ്പെടില്ല. പരസ്പരസമ്മതത്തെ അടിസ്ഥാനമാക്കിയുള്ളതും സ്വതന്ത്രവുമായിരിക്കണം. നാം ആത്മനിര്‍ഭരമാകാന്‍ ലക്ഷ്യമിടണം, എന്നാല്‍ ലോകം പരസ്പരാശ്രിതത്വത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘം ആവശ്യപ്പെടുന്നത് എന്താണോ അതാണ് സര്‍സംഘചാലക് ഉള്‍പ്പെടെ എല്ലാവരും ചെയ്യുന്നത്. സംഘം ആഗ്രഹിക്കുമ്പോള്‍ വിരമിക്കും. തന്റെയോ മറ്റാരുടെയെങ്കിലുമോ വിരമിക്കലിനെക്കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഡോ. മോഹന്‍ ഭാഗവത് വ്യക്തമാക്കി.
ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രെയ ഹൊസബാളെ, ഉത്തര ക്ഷേത്ര സംഘചാലക് പവന്‍ ജിന്‍ഡാല്‍, ദല്‍ഹി പ്രാന്തസംഘചാലക് ഡോ. അനില്‍ അഗര്‍വാള്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
Discussion about this post