കൊച്ചി: രണ്ടരപ്പതിറ്റാണ്ടിലേറെയായി സ്വന്തം ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും പക്ഷികള്‍ക്കു വെള്ളവും ആഹാരവും നല്കുന്ന ശ്യാംകുമാര്‍ അമൃതാദേവി പുരസ്‌കാര നിറവില്‍.
പാലക്കാട് കൊടുവായൂര്‍ കരിപ്പന്‍കുളങ്ങര സ്വദേശിയായ ശ്യാംകുമാര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 20,000ലധികം വൃക്ഷ ത്തൈകളാണ് നട്ടിരിക്കുന്നത്. ആശുപത്രികള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങി പൊതുസ്ഥലങ്ങളിലാണ് ഇവ നട്ടുപിടിപ്പിച്ചത്.
അമൃതാനന്ദമയീ മഠം പ്രസിദ്ധീകരണം മാതൃവാണിയിലെ ഒരു പരിസ്ഥിതി ലേഖനമാണ് ഈ രംഗത്തേക്കു തിരിയാനിടയാക്കിയത്. പത്തു സദ്പുത്രന്‍മാര്‍ക്കു തുല്യമാണ് ഒരു വൃക്ഷമെന്ന ലേഖനത്തിലെ വാക്യം ശ്യാംകുമാറിനെ ഏറെ സ്പര്‍ശിച്ചു. ഇതോടെയാണ് 26 വര്‍ഷം മുമ്പു പരിസ്ഥിതി പ്രവര്‍ത്തനവും ജീവിത ഭാഗമായത്.
പക്ഷികള്‍ക്കു വെള്ളവും തീറ്റയും പാത്രങ്ങളില്‍ പൊതുസ്ഥലങ്ങളിലും വീട്ടുവളപ്പിലും തയാറാക്കിവയ്ക്കുക പതിവാണ്. സ്‌കൂളുകളില്‍ പരിസ്ഥിതി ബോധവത്കരണ ക്ലാസുകള്‍ നടത്താറുണ്ട്. ചിറ്റൂര്‍ ഗവ. കോളജില്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ജില്ലയിലെ 17 കുളങ്ങള്‍ ശുചീകരിച്ചു. ജൈവ വൈദ്യുതി ബോര്‍ഡിന്റെ ഏറ്റവും നല്ല ഹരിത കോളജിനുള്ള അവാര്‍ഡ് കോളജിനു ലഭിച്ചിരുന്നു. റോഡിലെ തണല്‍മരങ്ങളില്‍ ആണിയും കമ്പിയും ഉപയോഗിച്ച് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരേ നിയമ വിദഗ്ധരുമായി ചേര്‍ന്നു നടപടികള്‍ സ്വീകരിച്ചത് വളരെ ശ്രദ്ധേയമായിരുന്നു.
വര്‍ഷകാലത്ത് കരിമ്പനത്തൈകള്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി നടുക പതിവാണ്. ഇങ്ങനെ 1200ലേറെ കരിമ്പനത്തൈകളാണ് നട്ടുപിടിപ്പിച്ചത്. വെള്ളം കൂടുതല്‍ ശേഖരിക്കാന്‍ കരിമ്പനയ്ക്കാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം പിറന്നാളില്‍ മകളെക്കൊണ്ട് റോഡരികില്‍ നട്ട കണിക്കൊന്ന പൂത്തു തുടങ്ങി. രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുള്‍ കലാമിന്റെ വിയോഗ ദിനത്തില്‍ നട്ട കശുമാവില്‍ നിന്ന് അഞ്ചു കൊല്ലമായി ഫലങ്ങള്‍ ലഭിക്കുന്നു.
മരം ഒരു വരം, മരം വളര്‍ത്തൂ, ഭൂമിയെ രക്ഷിക്കൂ എന്നീ വാചകങ്ങള്‍ ഓട്ടോറിക്ഷയുടെ പിറകില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മകളുടെ എല്ലാ ജന്മദിനത്തിലും വിവിധ സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാറുണ്ട്. പാലക്കാട് നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം. 2010ല്‍ വനംവകുപ്പില്‍ ആറു മാസത്തോളം വാച്ചറായിരുന്നു.
വിവിധ വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹരിത വ്യക്തി പുരസ്‌കാരം, വനംമിത്ര അവാര്‍ഡ്, പ്രകൃതിമിത്ര അവാര്‍ഡ്, ആലുവ പരിസ്ഥിതി സംരക്ഷണ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ: സജിത. മക്കള്‍: സായൂജി, സഞ്ജന.
Discussion about this post