കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് സിലബസനുസരിച്ച് വിഷയങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം അദ്ധ്യാപകര്‍ അവര്‍ക്ക് വഴികാട്ടികളുമാകണമെന്നതാണ് അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘിന്റെ വീക്ഷണമെന്ന് സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും വിദ്യാഭ്യാസ വിദഗ്ധയുമായ പ്രൊഫ. ഗീതാ ഭട്ട് പറഞ്ഞു.
എബിആര്‍എസ്എഎമ്മിന്റെ കേരള ഘടകമായ നാഷനല്‍ ടീച്ചേഴ്സ് യൂണിയന് സംസ്ഥാന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിദ്യാലയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തീര്ത്ഥസ്ഥാനങ്ങളെപ്പോലെയാകണം. അവ തങ്ങളുടെ സ്വന്തമെന്ന അനുഭവമുണ്ടാകണം. രാഷ്ട്രത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും മൂല്യബോധവും ഉള്‍ക്കൊള്ളുന്ന ദേശീയ പ്രതിബദ്ധതയുള്ള സമൂഹമായി അദ്ധ്യാപകര്‍ മാറണം. ഇത്തരത്തിലുള്ള സമഗ്ര മാറ്റമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ആവിഷ്കരിക്കപ്പെടുന്നത്. എന്നാല്‍ കേരളത്തില്‍ ഈ പുതിയ നയം നടപ്പാക്കുന്നില്ല. ടെറ്റ് പരീക്ഷ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ധ്യാപക താത്പര്യം സംരക്ഷിക്കാന്‍ സംഘടന നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
ആര്‍എസ്എസ് ക്ഷേത്രീയ സഹ ബൗദ്ധിക്പ്രമുഖ് കെ.പി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിതാ കണ്‍വീനര്‍ എസ.് ശ്രീദേവി അധ്യക്ഷയായി. എന്‍ടിയു സംസ്ഥാന അധ്യക്ഷ കെ. സ്മിത, എബി ആര്‍എസ്എം ക്ഷേത്രീയ പ്രമുഖ് പി.എസ്.ഗോപകുമാര്‍, കെ.കെ.ഗിരീഷ്, സിനി കൃഷ്ണപുരി, ജസ്സി ദേവദാസ് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ ഉപഹാരം നല്കി. സംസ്ഥാന ബാലസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വിജയ വാസുദേവിനെ അനുമോദിച്ചു.
എന്‍ടിയു മുന്‍ സംസ്ഥാന പ്രസിഡന്റ് സി. സദാനന്ദന് മാസ്റ്റര്‍ എംപിയെ ചടങ്ങില്‍ ആദരിച്ചു. മാതൃത്വമെന്ന ഭാവമാണ് അദ്ധ്യാപകരിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അദ്ധ്യാപനം എന്ന ശ്രേഷ്ഠമായ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന അധ്യാപകര്‍ക്ക് കുട്ടികളെ മാതൃഭാവത്തോടെ സമീപിക്കാന്‍ കഴിയണം. മൂല്യത്തെ ഞാന്‍ നിര്‍വചിക്കുന്നത് അമ്മയിലൂടെ, മുലപ്പാലിലൂടെ പകര്‍ന്നു കിട്ടിയത് എന്നാണ്. പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് എന്റെ അമ്മയ്ക്കുള്ളത്. അമ്മയില്‍ നിന്നും നല്ല ആശയങ്ങളാണ് എനിക്ക് പകര്‍ന്നു കിട്ടിയിട്ടുള്ളത്. പല പ്രശ്നങ്ങളുടെയും കാതല്‍ നമ്മുടെ കണ്ണിലൂടെ, മനസിലൂടെ മാത്രം കാര്യങ്ങള്‍ കാണുന്നതാണ്. മറ്റൊരാളുടെ കണ്ണിലൂടെ നമ്മള് കാര്യങ്ങള്‍ കാണണം. അപ്പോള്‍ പല പ്രശ്നങ്ങളും പ്രശ്നങ്ങളല്ലാതാകുമെന്ന് പഠിപ്പിച്ചത് തന്റെ അമ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ സി. സദാനന്ദന് മാസ്റ്റര്‍ എംപിയെ ആദരിച്ചു. ബിജു പാറങ്ങോട്, പി. സതീഷ് കുമാര്‍ പൊന്നാട അണിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സ്മിത അധ്യക്ഷയായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ കെ.കെ. ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Discussion about this post