കോഴിക്കോട്: രാഷ്‌ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ ദിവ്യാംഗരുടെ പങ്ക് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സക്ഷമക്ക് സാധിച്ചുവെന്ന് ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം. സക്ഷമയുടെ 17-ാമത് സംസ്ഥാന വാര്‍ഷിക പൊതുയോഗം തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ ഏത് മേഖലയിലായാലും ആ മേഖലയിലെ മനുഷ്യരുടെ മനസ് പഠിച്ചു കൊണ്ട് പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ ഫലവത്താകും. അതുകൊണ്ടാണ് സക്ഷമയുടെ പ്രവര്‍ത്തനം ലക്ഷ്യത്തിലെത്തുന്നത്. ദിവ്യാംഗരുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ച് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ധനസഹായത്തോടെ വയനാട് ജില്ലയിലെ ബത്തേരി താലൂക്ക് കേന്ദ്രീകരിച്ച് സക്ഷമ നടത്തിയ ‘പഴശ്ശി വിഷന്‍’ നേത്രരോഗ നിര്‍ണയ ചികിത്സാ സേവാ പദ്ധതി വിജയിപ്പിക്കുന്നതിന് നിസ്തുല സേവനം ലഭ്യമാക്കിയ കോഴിക്കോട് കോംട്രസ്റ്റ് ഐ കെയര്‍ സൊസൈറ്റിക്കുള്ള ആദരവ് സക്ഷമ അഖിലേന്ത്യാ ഉപാധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ചു. കോംട്രസ്റ്റ് ഐ കെയര്‍ സൊസൈറ്റി സെക്രട്ടറി ടി.ഒ. രാമചന്ദ്രന്‍, കമ്മ്യൂണിറ്റി ഒഫ്താല്‍മോളജി ഡയറക്ടര്‍ ഡോ. എം.എസ്. വിജയലക്ഷ്മി എന്നിവര്‍ ആദരം ഏറ്റുവാങ്ങി.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി 250ല്‍ പരം പ്രവര്‍ത്തകര്‍ വാര്‍ഷികയോഗത്തില്‍ പങ്കെടുത്തു. സക്ഷമ സംസ്ഥാന അധ്യക്ഷന്‍ ഡോ. ബാലചന്ദ്രന്‍ മന്നത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഒ.ആര്‍. ഹരിദാസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോഴിക്കോട് മേഖലാ സെക്രട്ടറി പി. പ്രകാശന്‍ നന്ദി പറഞ്ഞു.
തുടര്‍ന്ന് വിവിധ സെഷനുകളിലായി ഭിന്നശേഷി സംബന്ധമായ വിവിധ വിഷയങ്ങളെ കുറിച്ചും ഭാവിപരിപാടികളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടന്നു. സമാപന സഭയില്‍ അഖിലേന്ത്യാ സംഘടനാ കാര്യദര്‍ശി ചന്ദ്രശേഖര്‍ പ്രഭാഷണം നടത്തി.
Discussion about this post