കൊച്ചി: പതിറ്റാണ്ടുകളായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് സ്വഭാവ രൂപീകരണത്തില്‍ വഹിക്കുന്നത് വലിയ പങ്കെന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. ‘രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തില്‍’ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവനില്‍ നിന്ന് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘം കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് നമുക്ക് മുന്നിലുള്ള പല കണക്കുകളും വ്യക്തമാക്കുന്നു. ശാഖയില്‍ പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടില്ലെങ്കിലും സംഘടനയെ ഇത്തരത്തില്‍ കെട്ടിപ്പടുക്കാനായി ശ്രമിച്ചവരെ ബഹുമാനിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ ജീവിതം എങ്ങനെയായിത്തീരണമെന്നത് സംബന്ധിച്ച് കുട്ടികള്‍ക്കിടയില്‍ ധാരണയുണ്ടാക്കാന്‍ സംഘത്തിന് സാധിച്ചു. പുസ്തകത്തിന്റെ ബാക്കിയുള്ള ഭാഗങ്ങള്‍ കൂടി എത്രയും വേഗം പുറത്തിറക്കാനും മറ്റ് ഭാഷകളിലേക്ക് ഇത് വിവര്‍ത്തനം ചെയ്യാനും ശ്രമിക്കണം. ഇത് വരുംതലമുറകള്‍ക്ക് മാര്‍ഗദര്‍ശകമായി മാറും. വേദിയിലുള്ള മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം.എ. കൃഷ്ണന്‍, ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന്‍ എന്നിവര്‍ തനിക്ക് ഗുരുതുല്യരാണ്. ഇരുവരും തന്റെ ജീവിതത്തെ രൂപപ്പെടുത്തതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും പലപ്പോഴും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയതായും സി. രാധാകൃഷ്ണന്‍ പറഞ്ഞു.
ആര്‍എസ്എസ് ശതാബ്ദിയിലെത്തുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ പ്രവര്‍ത്തന ചരിത്രം രേഖപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയുടെ ആദ്യ ഭാഗമാണ് പുറത്തിറക്കിയതെന്ന് പുസ്തക പരിചയം നടത്തിയ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര സഹബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിന്റെ 4 ഭാഗങ്ങള്‍ കൂടി പുറത്തിറങ്ങാനുണ്ടെന്നും ഒന്നാം ഭാഗത്തിന്റെ കൂടുതല്‍ പതിപ്പുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തകാര്യാലയമായ എളമക്കര മാധവനിവാസില്‍ നടന്ന ചടങ്ങില്‍ റിട്ട. ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ അദ്ധ്യക്ഷനായി. ചിന്മയാമിഷന്‍ റീജിയണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി, കൊടുങ്ങല്ലൂര്‍ വിവേകാനന്ദ വേദിക് വിഷന്‍ ഡയറക്ടര്‍ ഡോ. എം. ലക്ഷ്മികുമാരി, കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.



Discussion about this post