കൊച്ചി: അമ്മയെ അംഗീകരിക്കാന്‍ കൈയില്‍ പിടിച്ചിരിക്കുന്ന കൊടിയുടെ നിറം കാവിയാണെങ്കില്‍ തയ്യാറല്ലെന്ന് കേരള സമൂഹത്തിന്റെ നിലപാട് ഹൃദയഭേദകമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ്. ദേശീയ സേവാഭാരതി കേരള ഘടകത്തിന്റെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് നടന്ന സേവാ സങ്കല്‍പ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് എന്‍. നഗരേഷ്.
എന്റെ പാര്‍ട്ടിയുടെ കൊടിയാണെങ്കില്‍ മാത്രമേ അമ്മയെ വണങ്ങാന്‍ തയ്യാറാകൂവെന്ന നിലപാട് ഏറെ ഭയാജനകമായ അവസ്ഥയാണ്. നല്ല കാര്യം ആര് ചെയ്താല്‍ അതിലെ രാഷ്ട്രീയം മറന്നതിനെ അഭിനന്ദിക്കാന്‍ പഠിക്കണം. എന്നാല്‍ ഇന്ന് കാണുന്നത് പരസ്പരം കുറ്റം പറയുന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യം സകലമേഖലയിലും കുതിച്ചുയരുകയാണ്. 2050ല്‍ ചൈനയെ മറികടന്ന് ഭാരതം സമസ്ത മേഖലയിലും മുന്നിലെത്തും- അദ്ദേഹം തുടര്‍ന്നു. രാഷ്രീയ- ജാതിമത ഭേദമന്യേ ഒരു വേര്‍തിരുമില്ലാതെ ഏതൊരു കാര്യത്തിലും സഹായവുമായി എത്തുന്ന സംഘടനയാണ് സേവാഭാരതി. കേരള സമൂഹം ഇന്ന് ഏതെങ്കിലും ഒരു സംഘടനയെ രാഷ്ട്രീയത്തിന് അധീതമായി അംഗീകരിക്കുന്നുണ്ടെങ്കില്‍ അത് സേവാഭാരതിയെ മാത്രമാണ്. ശരിയായ ദിശയിലാണ് സേവാഭാരതി സഞ്ചാരം തുടരുന്നതെന്നും സമൂഹം സംഘടനയേയും അതിലെ പ്രവര്‍ത്തകരേയും ദൈവദൂതന്മാരായാണ് കാണുന്നതെന്നും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അര്‍ഹതപ്പെട്ടവര്‍ക്ക് വേണ്ട സഹായം കൃത്യമായി എത്തിക്കുന്നതുകൊണ്ടാണ് സേവാഭാരതിയ്ക്ക് അംഗീകാരം ലഭിച്ചത്. ഭാരതത്തിലെമ്പാടും സേവാഭാരതിയെ ഇനിയും മുന്നോട്ട് നയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കണമെന്നും ജസ്റ്റിസ് എന്‍. നഗരേഷ് പറഞ്ഞു.
യോഗത്തില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന കൈപുസ്തകമായ സേവാഞ്ജലിയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. സംസ്ഥാന അധ്യക്ഷന്‍ ഡോ. രഞ്ജിത്ത് വിജയഹരി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ശ്രീരാം ശങ്കര്‍, രാഷ്ട്രീയ സേവാഭാരതി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വിജയ് പുരാണിക്ക്, രാഷ്ട്രീയ സേവാഭാരതി ട്രസ്റ്റി റിബ മനോഹര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് രാവിലെ 10ന് അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. പി.വി. ഗംഗാധരന്‍ പൊതുയോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, രാഷ്ട്രീയ സേവാഭാരതി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വിജയ് പുരാണിക് തുടങ്ങിയവര്‍ പങ്കെടുക്കും.ജില്ലാ – സംസ്ഥാന കാര്യകര്‍ത്താക്കള്‍, ആര്‍എസ്എസ് ജില്ലാ ഉപരി സേവാപ്രമുഖന്മാര്‍, ഡോക്ടര്‍ ഹെഡ്ഗേവാര്‍ ജന്മ ശതാബ്ദി സേവാ സമിതി ട്രസ്റ്റില്‍ അഫിലിയേഷനുള്ള സേവാസ്ഥാപനങ്ങള്‍, ബാലവികാസ കേന്ദ്ര സമന്വയ സമിതിയില്‍ അഫിലിയേഷനുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സംസ്ഥാന വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കുന്നത്.
Discussion about this post