കോഴിക്കോട്: ആര്‍എസ്എസ് ശതാബ്ദി പരിപാടികള്‍ക്ക് വിജയദശമി ആഘോഷത്തോടെ തുടക്കം. ഉത്തര കേരള പ്രാന്തത്തിന്റെ (ചാലക്കുടി മുതല്‍ മഞ്ചേശ്വരം വരെ) വിജയദശമി ആഘോഷ പരിപാടികള്‍ നാളെ ആരംഭിക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ശതാബ്ദിയോടനുബന്ധിച്ച് നടക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വിജയദശമി ആഘോഷം മണ്ഡലതലങ്ങളിലാണ് നടക്കുന്നത്. നാളെ മുതല്‍ ഒക്ടോബര്‍ 5 വരെ ഉത്തര കേരളത്തിലെ 810 കേന്ദ്രങ്ങളില്‍ പഥസഞ്ചലനവും 830 കേന്ദ്രങ്ങളില്‍ പൊതുപരിപാടിയും നടക്കും.
ആര്‍എസ്എസ് അഖിലഭാരതീയ സഹശാരീരിക് പ്രമുഖ് ഒ.കെ. മോഹനന്‍, മുതിര്‍ന്ന പ്രചാരകനായ എസ്. സേതുമാധവന്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ രക്ഷാധികാരി എ. ഗോപാലകൃഷ്ണന്‍, അഖിലഭാരതീയ കാര്യകാരി അംഗവും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായി ജെ. നന്ദകുമാര്‍, ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍, സഹബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍, വ്യവസ്ഥാ പ്രമുഖ് കെ. വേണു, സേവാ പ്രമുഖ് രവികുമാര്‍, പ്രചാരക് പ്രമുഖ് വി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഒന്നര ലക്ഷത്തോളം സ്വയംസേവകര്‍ പൂര്‍ണ്ണ ഗണവേഷത്തില്‍ പഥസഞ്ചലനത്തില്‍ പങ്കാളികളാകും. 2026 വിജയദശമി വരെ നീണ്ടുനില്‍ക്കുന്ന ശതാബ്ദി പരിപാടികളില്‍ ഹിന്ദു സമ്മേളനങ്ങള്‍, മഹാ ഗൃഹസമ്പര്‍ക്കം, സദ്ഭാവനാ യോഗങ്ങള്‍, പ്രമുഖ വ്യക്തികള്‍ക്കായുള്ള സെമിനാറുകള്‍, യുവാക്കള്‍ക്കായുള്ള പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ഒക്‌ടോബര്‍ 11 മുതല്‍ 30 വരെ മഹാസമ്പര്‍ക്കയജ്ഞം നടക്കും.
Discussion about this post