എറണാകുളം: കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി മണ്ഡല വൃത കാലം ഒഴിവാക്കി നിശ്ചയിക്കണമെന്നു ശബരിമല അയ്യപ്പ സേവാ സമാജം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എറണാകുളം പാവക്കുളം ഹിന്ദു സാംസ്കാരിക കേന്ദ്രത്തിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
ആത്മീയവും വിശ്വാസപരവുമായ നിരവധി കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ ഭക്തജനങ്ങൾക്കു ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാനും വോട്ടവകാശം വിനിയോഗിക്കാനും തടസ്സം നേരിടും, ഇത് ഒഴിവാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
സമാജം സംസ്ഥാന പ്രസിഡൻറ് പി. എൻ. നാരായണ വർമ തമ്പുരാൻ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻ്റ് എസ്. ജെ. ആർ. കുമാർ ഉദ്ഘാടനം നിർവഹിച്ചു. വി. കെ വിശ്വനാഥൻ, എ. ആർ. മോഹൻ, കെ.സി. നരേന്ദ്രൻ, ആർ. രാജേഷ്, വി. വിശ്വാരാജ്, അഡ്വ. ജയൻ ചെറുവള്ളി തുടങ്ങിയവർ സംസാരിച്ചു.
ശബരിമല തീർഥാടന കാല സൗകര്യങ്ങൾ ഒരുക്കുന്നതിലെ മുൻ കരുതലുകൾ ചർച്ച ചെയ്തു. വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ഇടപെടലുകൾ ഉറപ്പാക്കാനുള്ള സമയോചിത നടപടികൾ കൈക്കൊള്ളാനും തീരുമാനിച്ചു.
Discussion about this post