തിരുവനന്തപുരം: ശുദ്ധ ഹിന്ദുമതം പ്രചരിപ്പിക്കാനാണ് ശ്രീനാരായണ ഗുരുദേവന് ഉപദേശിച്ചതെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മാര്‍ഗ്ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സംന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മസന്ദേശയാത്രയുടെ ഗാന്ധിപാര്‍ക്ക് മൈതാനത്ത് നടന്ന സമാപന സംഗമത്തില്‍ അധ്യക്ഷഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവന് ഉപദേശിച്ച ഒരു പ്രധാനപ്പെട്ട തത്വം ശുദ്ധ ഹിന്ദുമത തത്വങ്ങള്‍ പ്രചരിപ്പിക്കണമെന്നാണ്. അത് സനാതന ധര്‍മ്മമാണ്. 1924 ല്‍ ആലുവയില്‍ സര്‍വമത സമ്മേളനം സംഘടിപ്പിച്ച് ഗുരുദേവന് പറഞ്ഞത് മത പരിവര്‍ത്തനം ആവശ്യമില്ലെന്നാണ്. എല്ലാ മതങ്ങളുടെയും സാരം ഏകമാണ്. മതം ഏതുമാകട്ടെ മനുഷ്യന് നന്നായാല്‍ മതി. അതുകൊണ്ട് ആരും ആരെയും മാറ്റാനും മറിക്കാനും നില്‍ക്കേണ്ടതില്ല. ഓരോരുത്തരും നില്ക്കുന്നിടത്തുതന്നെ നിന്നാല്‍ മതി. മതപരിവര്‍ത്തനമൊന്നും ആവശ്യമില്ലെന്നും ഗുരു പറഞ്ഞു. അത് ലക്ഷീകരിച്ചുകൊണ്ടാണ് ഗുരുദേവന് ആലുവയില്‍ സര്‍വമത സമ്മേളനം നടത്തിയതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
1927 ല്‍ ആലപ്പുഴ ജില്ലയിലെ പള്ളാത്തുരുത്തിയില്‍ എസ്എന്‍ഡിപി വാര്‍ഷികത്തില്‍ പങ്കെടുത്തുകൊണ്ട് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഗുരു ഉപദേശിച്ചു. ഹിന്ദുമതം ഒരു സനാതനമായ മതമാകുന്നു. മതപരിവര്‍ത്തനം കൂടിയേ തീരൂ എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ഈ സനാതന ധര്‍മ്മത്തിലേക്ക് മതം മാറിക്കൊള്ളുക-എന്നായിരുന്നു ഗുരുദേവന് പറഞ്ഞത്. ഈ സന്ദേശം എം.കെ. സാനു ഉള്‍പ്പെടെ എഴുതിയ ഗുരുദേവ ജീവചരിത്രഗ്രന്ഥങ്ങളിലെല്ലാം നമുക്ക് വായിക്കാന്‍ സാധിക്കുമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഏറ്റവും പഴക്കംചെന്ന മഹിതമായ സംസ്കാരമാണ് സനാതന ധര്‍മ്മം. എന്നും പുതുമയാര്‍ന്ന ധര്‍മ്മവുമാണത്. എന്നാല്‍ പില്ക്കാലത്ത് ജാതിഭേദ വിപത്തുകളുണ്ടായി സനാതനധര്‍മ്മം മലിനപ്പെട്ടു. അതുകൊണ്ട് നമ്മുടെ സമാജത്തെ എന്താണ് ധര്‍മ്മം, എന്താണ് അധര്‍മ്മം, എങ്ങിനെ നാം ജീവിച്ച് മുന്നോട്ടുപോകണം, സംഘടിച്ചു ശക്തി നേടണം എന്നെല്ലാം ഗുരുദേവന് ഉപദേശിച്ചു. ആ ഉപദേശം സ്വീകരിച്ച് നമുക്ക് ഒന്നായി മുന്നോട്ടുപോകാന്‍ സാധിക്കണം. അതിനു വിഘാതമായ ജാതിഭേദങ്ങള്‍ ഒഴിവാക്കണം. ക്ഷേത്രത്തോട് ചേര്‍ന്ന് പുരോഗതി ഉണ്ടാക്കുന്ന സംരംഭങ്ങള്‍ തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post