പാലക്കാട്: നാലുദിവസങ്ങളിലായി പാലക്കാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഹാട്രിക് കിരീടം ചൂടി മലപ്പുറം. 1548 പോയിന്റ് നേടിയാണ് മലപ്പുറം ഓവറോള്‍ ചാമ്പ്യന്മാരായത്.
എന്നാല്‍, രണ്ടാംസ്ഥാനത്തിനായി കണ്ണൂരും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. അവസാന നിമിഷം വരെയും കണ്ണൂരായിരുന്നു രണ്ടാംസ്ഥാനത്ത്. എന്നാല്‍, വൈകിട്ട് എച്ച്എസ്എസ് വിഭാഗം മത്സരങ്ങളുടെ ഫലം വന്നപ്പോള്‍ പാലക്കാട് പോയിന്റ് നിലയില്‍ കണ്ണൂരിനൊപ്പമെത്തി. ഇരുജില്ലകള്‍ക്കും 1487 പോയിന്റ് വീതമാണ് ലഭിച്ചത്. എന്നാല്‍, വിവിധ മത്സരങ്ങളില്‍ പാലക്കാടിന് 17 ഒന്നാംസ്ഥാനങ്ങളാണ് ലഭിച്ചത്. കണ്ണൂരിന് 16ഉം. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാടിന് രണ്ടാംസ്ഥാനവും കണ്ണൂരിന് മൂന്നാംസ്ഥാനവും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
മറ്റു ജില്ലകളുടെ പോയിന്റ് നില: തൃശൂര്‍(1477), കോഴിക്കോട് (1468),എറണാകുളം( 1427), വയനാട്( 1409), കോട്ടയം( 1400), തിരുവനന്തപുരം( 1397), കൊല്ലം( 1392), കാസര്‍കോട്( 1376), ആലപ്പുഴ( 1348), പത്തനംതിട്ട( 1336), ഇടുക്കി( 1313). സ്‌കൂള്‍തലത്തില്‍ 164 പോയിന്റ് നേടി വയനാട് ദ്വാരക എസ്എച്ച്എസ്എസ്എസ് ഓവറോള്‍ കിരീടം ചൂടി. 140 പോയിന്റ് നേടി കാസര്‍കോട്് കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച്എസ്എസ് രണ്ടും, 135 പോയിന്റുമായി ഇടുക്കി കൂമ്പന്‍പാറ ഫാത്തിമ മാതാ ഗേള്‍സ് എച്ച്എസ്എസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. പത്തനംതിട്ട കോന്നി ജിഎച്ച്എസ്എസ്, തൃശൂര്‍ പനങ്ങനാട് എച്ച്എസ്എസ് എന്നിവരാണ് നാലും അഞ്ചുംസ്ഥാനത്തുള്ളത്.
പാലക്കാട് ഗവ. മോയന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. എഡിപിഐ സി.എ. സന്തോഷ് അധ്യക്ഷതവഹിച്ചു. എഡിപിഐ ആര്‍എസ്. ഷിബു, ഹയര്‍ സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ ഉബൈദുള്ള, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അബൂബക്കര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ചീഫ് പ്ലാനിങ് ഓഫീസര്‍ ദീപ മാര്‍ട്ടിന്‍, ഡിഡിഇ സലീന ബീവി, ഡിഇഒ ആസിഫ് അലിയാര്‍, ബിജു വിജയന്‍ എന്നിവര്‍ സംസാരിച്ചു.















Discussion about this post