കൊച്ചി: വന്ദേഭാരത് ഉദ്ഘാടന യാത്രയിൽ ഗണഗീതം പാടിയ വിദ്യാർത്ഥികൾക്കും സ്കൂളിനുമെതിരെ നടപടി ആവശ്യപ്പെട്ട് വിവാദമുണ്ടാക്കിയ സിപിഎമ്മിൻ്റെ ചാനലിലും ഗണഗീതം. 2016 ലെ സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തി ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച പ്രത്യേക പരിപാടിയിലാണ് വാത്മീകങ്ങൾ തകരുന്നു പുതിയൊരു മാനവനുയരുന്നു, നവയുഗ രചന നടത്തീടാനായി നരനാരായണരണയുന്നു എന്ന മലയാള ഗീതവും പ്യാരാ ദേശ് ഹമാരാ ദേശ് എന്ന ഹിന്ദി ഗീതവും ഉള്ളത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആർഎസ്എസ് ഗീതം അവതരിപ്പിച്ച ചാനലിനെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യമുയർത്തുകയാണ് നവമാധ്യമങ്ങൾ.
അഞ്ച് പാട്ടുകളുള്ള വീഡിയോയിൽ സി പി എമ്മുകാർ ഇപ്പോൾ വിമർശിക്കുന്ന എല്ലാ പദങ്ങളുമുണ്ട്.
വിശ്രമം മറന്ന് സത്പരിശ്രമം തുടർന്നു നമ്മൾ ജനനി തൻ ജൈത്രയാത്ര സുഗമമാക്കിടാം എന്ന ആദ്യ പാട്ടിൽത്തന്നെ ഭാരതാംബ തൻ മനോജ്ഞമാം കൊടി, അഖണ്ഡ ഭാരത്തിനിന്നൈക്യബോധം വളർത്തുവാൻ തുടങ്ങി ഇടതു ബുദ്ധിജീവികൾക്ക് ഇന്ന് അരോചകമായിത്തോന്നുന്ന വരികളാണുള്ളത്. പരമപവിത്രമതാമീ മണ്ണിൽ എന്ന ഗീതത്തിലെ പൂജ, ശ്രീകോവിൽ, നിർമ്മാല്യം തുടങ്ങിയ വാക്കുകൾ ചൂണ്ടിക്കാട്ടി വർഗീയത ആരോപിച്ചവർ പാർട്ടി ചാനലിലെ ഈ പാട്ട് കേട്ടില്ലേ എന്നാണ് ഉയരുന്ന ചോദ്യം. നമിച്ചിടാം ഭജിച്ചിടാം നിരന്തരം സ്തുതിച്ചിടാം ആർഷഭാരത പ്രകീർത്തനം മുഴക്കിടാം എന്നാണ് ആദ്യ പാട്ട് അവസാനിക്കുന്നത്.
പ്യാരാ ദേശ് ഹമാരാ ദേശ് എന്ന രണ്ടാമത്തെ പാട്ട് കേട്ടാൽ വിവാദം ഉയർത്തിയവർ മാളത്തിലൊളിക്കേണ്ടി വരും. ഇത് രാമൻ ജനിച്ച ഭൂമി, കൃഷ്ണൻ ഓടിക്കളിച്ച മണ്ണ്, അവതാരങ്ങൾ പിറന്ന ഭൂമി…. പ്യാരാ ദേശ് ….
ദേശഭക്തിഗാനങ്ങൾ എന്ന തലക്കെട്ടിലാണ് കൈരളി അന്ന് ഈ പരിപാടികൾ അവതരിപ്പിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. രാജ്യസ്നേഹികൾക്കെല്ലാം പാടാവുന്ന ഗണഗീതങ്ങൾ പിന്നിപ്പോൾ വിവാദമാക്കുന്നത് എന്തിനെന്ന ചോദ്യം വ്യാപകമാവുകയാണ്.













Discussion about this post